• Lisha Mary

  • March 12 , 2020

ഇടുക്കി : 'പഠനോദ്യാനം' വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര - ഗണിത വിഷയങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യൂനിസെഫും, ജനകീയ ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സി.യും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വൈവിധ്യമാര്‍ന്ന പ്രായോഗിക പഠന പ്രവര്‍ത്തനങ്ങളിലൂടെയാണ് പാഠ്യവിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്. ജില്ലയില്‍ പൂമാല, മേത്തൊട്ടി, അരിക്കുഴ, ചിന്നപ്പാറക്കുടി, മന്നാംകണ്ടം എന്നീ സ്ഥലങ്ങളില്‍ പഠനോദ്യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ പദ്ധതിയുടെ ഒന്നാംഘട്ടം സമാപിക്കുമ്പോള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനുമാണ് യുനിസെഫിന്റെ വിദ്യാഭ്യാസ ചുമതലയുള്ള അഖില രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ യൂനിസെഫ് ടീം ജില്ലയിലെത്തിയത്. തൊടുപുഴയില്‍ നടന്ന യോഗത്തില്‍ സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിന്ദു, പ്രൊജക്ട് ഓഫീസര്‍ സുലൈമാന്‍ കുട്ടി, ഡയറ്റ് പ്രിന്‍സിപ്പാള്‍ സോമരാജ്, ലക്ചറര്‍ ലോഹിതദാസ് എം.എം., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അപ്പുണ്ണി, ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിനുമോന്‍, അധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 'പഠനോദ്യാനം' മേത്തൊട്ടി കേന്ദ്രം യൂനിസെഫ് സംഘം സന്ദര്‍ശിച്ചു. ഡോ. രാജേഷ് കെ., മീരാഭായി, പഠനോദ്യാനം പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ വി.വി.ഷാജി, പി.ഡി.രവീന്ദ്രന്‍, സി.ഡി.അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനോദ്യാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച ജില്ലാ കളക്ടറേറ്റില്‍ സന്ദര്‍ശനം നടത്തുന്ന യൂനിസെഫ് സംഘം വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തും.