• admin

  • January 11 , 2020

സിഡ്‌നി : സിഡ്‌നി: ഏറ്റവും മോശം കാട്ടുതീ സീസണിലൂടെയാണ് ഓസ്‌ട്രേലിയ കടന്നു പോകുന്നത്. സിഡ്‌നി, മെല്‍ബണ്‍, കാന്‍ബെറ,അഡലൈഡ് എന്നിവയുള്‍പ്പെടെ ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിലേക്ക് അപകടകരമാം വിധം പുക വ്യാപിച്ചു കഴിഞ്ഞു . ഈ സീസണില്‍ ഇതുവരെ 25 പേര്‍ ബുഷ്ഫയറില്‍ കൊല്ലപ്പെട്ടു. എന്‍എസ്ഡബ്ല്യുവിലെ മൂന്ന് സന്നദ്ധ അഗ്‌നിശമന സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആറ് പേരെയെങ്കിലും കാണാതായിട്ടുണ്ട്. ബുഷ് ഫയര്‍ ആരംഭിച്ചതിന് ശേഷം ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തു മാത്രം 50 കോടി മൃഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് സിഡ്‌നി സര്‍വകലാശാലയിലെ ഓസ്ട്രേലിയന്‍ ജൈവ വൈവിധ്യത്തെക്കുറിച്ചു പഠിക്കുന്ന വിദഗ്ദ്ധര്‍ കണക്കാക്കുന്നു. ഏഴ് ദശലക്ഷം ഹെക്ടര്‍ ഭൂമി തീപിടുത്തത്തില്‍ കത്തിനശിച്ചു. ആ പ്രദേശമാകെ എടുത്താല്‍ 2019 ല്‍ ആമസോണില്‍ തീ പടര്‍ന്ന പ്രദേശത്തിന്റെ ആറിരട്ടി വരുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തൊട്ടാകെ 2000 ലധികം വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. ബുഷ്ഫയറില്‍ നിന്നുള്ള പുക ന്യൂസിലന്റിലെ സൗത്ത് ഐലന്റിലേക്കും സൗത്ത് അമേരിക്കന്‍ തീരങ്ങളിലേക്കും വരെ വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിക്ടോറിയ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ദുരന്താവസ്ഥ പ്രഖ്യാപിച്ചതും ഈ സീസണില്‍ ആണ് .തീപിടുത്തത്തില്‍ കൊല്ലപ്പെട്ട ഒരു ലക്ഷം കന്നുകാലികളെ സംസ്‌കരിക്കാന്‍ ആര്‍മി റിസര്‍വേഷന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമുള്ള പുതുവത്സരാഘോഷത്തിന് ശേഷം നടന്ന കൂട്ട കുടിയൊഴിപ്പിക്കല്‍ ഓസ്ട്രേലിയയിലെ എക്കാലത്തെയും വലിയ അടിയന്തര നടപടിലൊന്നാണ്. പലയിടങ്ങളിലും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടയ്ക്കുകയും ചെയ്തു . കണക്കുകള്‍ പ്രകാരം രാജ്യത്തുണ്ടാവുന്ന തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും മനുഷ്യ നിര്‍മ്മിതം ആണെന്നതാണ് കണ്ടെത്തിയിരിക്കുന്നത്.