താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം:ആക്ഷൻ കമ്മിറ്റി

കൽപ്പറ്റ : താമരശേരി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്,വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.ചുരം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണം.ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരം ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത മാത്രമാണെന്ന തെറ്റായ ബോധം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുരങ്കപാത നിർമാണം പൂർത്തിയാകുന്നതിന് വർഷങ്ങളെടുക്കും.അതുവരെ ജനം യാത്രാദുരിതം അനുഭവിക്കണമെന്ന നിലപാടിൽ ഔചിത്യമില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ചുരം റോഡിൽ മൾട്ടി ആക്‌സിൽ ചരക്കുവാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണം.ചുരത്തിലെ മുഴുവൻ മുടിപ്പിൻ വളവുകളിലും 24 മണിക്കൂറും പോലീസ് സേവനം ഉറപ്പുവരുത്തണം.ഇക്കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.ചെയർമാൻ അഡ്വ.വി.പി.യെൽദോ അധ്യക്ഷത വഹിച്ചു.കൺവീനർ വർഗീസ് വട്ടേക്കാട്ടിൽ,ജോയിന്റ് കൺവീനർ പി.പദ്‌മരാജ്,എൻ.ബാദുഷ,വി.പി.വിജയൻ,വി.രാംജിത്,എൻ.സലിംകുമാർ,കെ.ഐ.ഏലിയാസ്,കെ.വ.അഷ്റഫ്,കെ.വി.പ്രകാശ്,തോമസ് അമ്പലവയൽ,സി.ഷൈജൽ,കെ.
കൃഷ്ണൻകുട്ടി,പി.ജെ.മോഹൻദാസ്,ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *