• Lisha Mary

  • March 23 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് അതാത് സംസ്ഥാനങ്ങളുടെ തീരുമാനം. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കാബിനറ്റ് സെക്രട്ടറിയാണ് ലോക്ക് ഡൗണ്‍ ചെയ്യുന്ന നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. തിങ്കളാഴ്ച ആറ് മണിക്ക് ഡല്‍ഹി ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. മാര്‍ച്ച് 31 ന് മാത്രമേ നിയന്ത്രണം അവസാനിക്കൂ. ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. ലോക്ക്ഡൗണ്‍ കാലയളവില്‍ കാബുകളോ ഓട്ടോകളോ ഓടിക്കാന്‍ ഡല്‍ഹിയില്‍ അനുമതിയുണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. പോലീസ്, അഗ്‌നിരക്ഷ സേന, ഇലക്ട്രിസിറ്റി, ജലം, പെട്രോള്‍ പമ്പ് എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷ്യ സര്‍വ്വീസുകള്‍, പച്ചക്കറി, പലചരക്ക് കടകള്‍, പാല്‍ എന്നിവ കര്‍ണാടകയില്‍ തുറന്നുപ്രവര്‍ത്തിക്കും. മാര്‍ച്ച് 31വരെ ക്വാറന്റൈനില്‍ തുടരാന്‍ ആന്ധ്രപ്രദേശ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന പൊതുഗതാഗതം നിര്‍ത്തിവെച്ചു. അതിര്‍ത്തികളും അടച്ചു. ഗോവ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 350 ഓളം കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഏഴ് പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.