• Lisha Mary

  • April 18 , 2020

തിരുവനന്തപുരം : സംസ്ഥാനാന്തര യാത്രയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം അത്യാവശ്യ ഘട്ടത്തില്‍ വരുന്ന രോഗികള്‍ക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറെക്കൂടാതെ ഒരാളെപാടുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും പരിഗണന ലഭിക്കും. ഇവര്‍ സാമൂഹിക അകലം പാലിച്ചായിരിക്കണം വാഹനത്തില്‍ ഇരിക്കേണ്ടത്. ജില്ലാതിര്‍ത്തി കടന്നുവരുന്നവരും സര്‍ക്കാരിന്റെ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ പാടുള്ളതല്ല. കൂടുതല്‍ പേരുമായി വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികം വന്നവരെ നിര്‍ബന്ധമായും തിരിച്ചയയ്ക്കുന്നതാണ്. പ്രസവ സംബന്ധമായ ആവശ്യങ്ങള്‍, ചികിത്സ, ബന്ധുവിന്റെ മരണമോ, മരണാസന്നനായ ആളെ സന്ദര്‍ശിക്കാനോ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കര്‍ശന നിബന്ധനയോടുകൂടി മാത്രമേ സംസ്ഥാനാന്തര യാത്ര അനുവദിക്കുകയുള്ളൂ. ഗര്‍ഭിണിയായ സ്ത്രീ അവരുടെ പ്രസവത്തീയതി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും റോഡ് യാത്രയ്ക്ക് തയാറാണെന്ന് തെളിയിക്കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഡ് ഗൈനക്കോളജിസ്റ്റില്‍ നിന്നും നേടിയിരിക്കണം. അത് അവര്‍ താമസിക്കുന്ന സംസ്ഥാനത്ത് ബന്ധപ്പെട്ട അധികാരികളെ കാണിച്ച് ഒപ്പം സഞ്ചരിക്കുന്ന ആളുകളുടെ വിവരം സഹിതം കേരളത്തിലേക്കുള്ള യാത്രാപാസ് ഹാജരാക്കേണ്ടതാണ്. ചികിത്സയ്ക്കായി വരുന്നവര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി അദ്ദേഹത്തിന്റെ സത്വര പരിശോധനയ്ക്കുശേഷം അനുമതി നല്‍കുകയാണെങ്കില്‍ മാത്രം ആ അപേക്ഷ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ അധികൃതരെ ബന്ധപ്പെട്ട് യാത്രാപാസ് കരസ്ഥമാക്കേണ്ടതാണ്. മരണത്തിനായോ മരണാസന്നനായ വ്യക്തിയെ കാണാന്‍ വരുന്നവരോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നേടിയ യാത്രാ പാസ്സിനൊപ്പം മരിച്ചയാളെയോ മരണാസന്നനായ ആളെയോ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ സെല്‍ഫ് ഡിക്ലറേഷന്‍ സഹിതം യാത്രയ്ക്ക് തയാറെടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.