• admin

  • January 29 , 2020

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാകും ഗവര്‍ണര്‍ക്ക് ലഭിക്കുക. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുളള തീരുമാനം. സുരക്ഷയുടെ ഭാഗമായി രാജ്ഭവനും പരിസരവും ഇനി പ്രത്യേക സുരക്ഷാ മേഖലയായിരിക്കും. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക. നേരത്തെ ഇസഡ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കിയിരുന്നത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.