• admin

  • February 14 , 2020

ന്യൂഡല്‍ഹി/വാഷിംഗ്ടണ്‍ : അമേരിക്കയ്ക്കു വേണ്ടി ക്ഷീരോത്പന്ന വിപണികള്‍ തുറന്നുകൊടുക്കാനൊരുങ്ങി ഇന്ത്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറില്‍ ഒപ്പിടാനുള്ള സാധ്യത ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് പോളിറ്ററി- ഡയറി വിപണികള്‍ ഭാഗിഗമായി അമേരിക്കയ്ക്ക് തുറന്നു നല്‍കുമെന്ന വാഗ്ദാനം ഇന്ത്യ നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമായ ഇന്ത്യ സാധാരണഗതിയില്‍ ക്ഷീര ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് വിപണി തുറന്നു നല്‍കാറില്ല. ഗ്രാമീണ മേഖലയിലുള്ള 80 മില്യണിലധികം ആളുകളാണ് ക്ഷീരവിപണിയെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാല്‍ അമേരിക്കയുമായി ഏര്‍പ്പെടാന്‍ പോകുന്ന കരാറിലൂടെ ഇതിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. 2019 ല്‍ ഇന്ത്യയുടെ പ്രത്യേക വ്യാപാര പദവി അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ചൈന കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. ചിക്കന്‍ ലെഗ്, ടര്‍ക്കി, ബ്ലൂബറീസ് , ചെറീസ് തുടങ്ങിയ ഉല്പന്നങ്ങള്‍ക്കും ഇന്ത്യ അമേരിക്കയ്ക്ക് വിപണി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിക്കന്‍ലെഗ്ഗിനു മേലുള്ള താരീഫ് 100 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും വിവരങ്ങള്‍ ഉണ്ട്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.