• Lisha Mary

  • March 30 , 2020

വുഹാന്‍ : ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ സംഖ്യ ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബി പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 മൂലം ചൈനയില്‍ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. 81,000 പേര്‍ക്കാണ് ആകെ രോഗബാധയുണ്ടായത്. ഹുബി പ്രവിശ്യയില്‍ മാത്രം 3,182 പേര്‍ മരിച്ചതായും അധികൃതര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാള്‍ പത്തിലധികം ഇരട്ടിയാണ് വുഹാന്‍ നഗരത്തില്‍ മാത്രം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിലായി നഗരത്തിലെ ഏഴ് ശ്മശാനങ്ങളില്‍നിന്നും പ്രതിദിനം അഞ്ഞൂറിലധികം പേരുടെ ചിതാഭസ്മകുംഭങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതായാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് നഗരവാസികള്‍ പറയുന്നു. അതായത്, ഓരോ 24 മണിക്കൂറിലും ആകെ 3,500 പേരുടെ ശവസംസ്‌കാരം നടന്നെന്ന് കരുതണം. അങ്ങനെയാണെങ്കില്‍ ഇക്കാലയളവില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒരു മാസം 28,000 ശവസംസ്‌കാരങ്ങള്‍ വരെ നഗരത്തില്‍ നടന്നിട്ടുണ്ടെന്നും കണക്കുകളുണ്ട്. കൂടാതെ നിരവധി പേര്‍ വീടുകളില്‍ മരിച്ചിട്ടുണ്ടെന്നും നഗരവാസികളില്‍ ചിലര്‍ പറയുന്നു. ഈ മരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയോ കണക്കുകളില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ആണ് ഹുബി പ്രവിശ്യയില്‍ പ്രഖ്യാപിച്ചിരുന്നത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതോടെ ജനുവരി 23 മുതല്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ മാര്‍ച്ച് 25ന് ഇളവ് വരുത്തി. ഇതോടെ വൈറസ് ബാധയില്ലെന്നു കാണിക്കുന്ന ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ഹുബിയില്‍നിന്ന് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വുഹാന്‍ നഗരത്തില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഏപ്രില്‍ എട്ട് വരെയാണ് നിയന്ത്രണം തുടരുകയെന്നാണ് റിപ്പോര്‍ട്ട്.