• Lisha Mary

  • April 22 , 2020

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട്ട് എത്തിയ ഇവര്‍ക്ക് യാത്രയിലാവാം കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതെന്നു കരുതുന്നു. ഇവര്‍ യാത്ര ചെയ്ത തീവണ്ടിയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും ഉണ്ടായിരുന്നു. ഇവരില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നും പരിശോധിക്കും. വിദ്യാര്‍ത്ഥികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ, ഏത് സാഹചര്യത്തില്‍ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിക്കാനാവൂ. അതേസമയം കോഴിക്കോട് ഡിഎംഒ ഇക്കാര്യം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈകിട്ടോടു കൂടിയേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. സാധാരണ മുഖ്യമന്ത്രിയാണ് കോവിഡ് ബാധ സ്ഥിരീകരണ കണക്കുകള്‍ വെളിപ്പെടുത്താറ്. പല കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് സ്ഥിരീകരണ വാര്‍ത്തകള്‍ പുറത്തു വരുന്നത് ആശങ്കയ്ക്കിടയാക്കും എന്നുള്ളതു കൊണ്ടാണ് ഇത്തരമൊരു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാവും.