• admin

  • February 4 , 2020

ഇടുക്കി : കൊറോണ വൈറസ് രോഗം പ്രതിരോധിക്കാന്‍ ജില്ല സജ്ജമായി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍കൊള്ളിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ടീം രൂപീകരിച്ചു.  മൂന്ന് ഷിഫ്റ്റുകളിലായി രണ്ടു നേഴ്‌സുമാര്‍ വീതം ഇവരോടൊപ്പം ഉണ്ടാകും.  കൂടാതെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡും പ്രത്യേക ഒപിയും പ്രവര്‍ത്തനം ആരംഭിച്ചു. ചൈനയില്‍ നിന്നും മടങ്ങിവന്ന 21 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. രണ്ടുപേര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യസഹായത്തിന് എത്തിച്ചെങ്കിലും  ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. 28 ദിവസം വരെ വീടുകളിലോ ആശുപത്രിയിലോ  നീരീക്ഷണത്തില്‍ കഴിയാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ചികിത്സ സമയത്ത് രോഗം പകരാതിരിക്കാന്‍ വേണ്ട മാസ്‌കും പ്രതിരോധ സാമഗ്രികളും മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുവാന്‍  പലവിധ ബോധവത്കരണ പരിപാടികളും ഇതോടൊപ്പം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ജില്ലയില്‍ നോഡല്‍ ഓഫീസറായി ഡോ ദീപേഷിനെ (9447169947) ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഡോ.ജെനിസ്  മുണ്ടോടനെ (8281078680) ഫോണില്‍ ബന്ധപ്പെടാം. സൂപ്രണ്ട് ഡോ രവികുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ യോഗത്തില്‍ ഡോ.ദീപേഷ്, ഡോ.ജെനിസ് മുണ്ടോടന്‍, ഡോ സോണിയ ജോണ്‍, ഡോ.മിനു ജോണ്‍, നേഴ്‌സിംഗ് സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു. കൊറോണ വൈറസ് രോഗബാധക്കെതിരെ ജാഗ്രത പാലിക്കുക പനി, ചുമ, ശ്വാസതടസ്സം  തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചൈനയില്‍ നിന്നും എത്തിയവര്‍ക്ക്  രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഇടുക്കി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ( ഫോണ്‍ 9495962691) എപ്പിഡെമിയോളജിസ്റ്റ്  ( ഫോണ്‍ 9544409240) എന്നിവരെ ഫോണ്‍ വഴി വിവരം അറിയിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടേണ്ടതുമാണ്. എത്രയും പെട്ടെന്ന് യാത്രാവിവരവും രോഗലക്ഷണങ്ങളും അറിയിക്കണം.