• admin

  • January 28 , 2020

തിരുവനന്തപുരം : കൊറോണ വൈറസിനെ നേരിടാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം. ചൈനയില്‍നിന്ന് എത്തുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് കേന്ദ്രസംഘം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെങ്കിലും ഇവരില്‍ ഏഴുപേര്‍മാത്രമാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നത്. ഇതില്‍ത്തന്നെ അഞ്ചുപേര്‍ക്കും രോഗമില്ലെന്ന സ്ഥിരീകരണം വന്നുകഴിഞ്ഞു. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ പാകത്തിലുള്ള ക്രമീകരണങ്ങളുമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും ആശുപത്രികള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണ്. മരുന്നുകളുടെയും മറ്റ് അടിയന്തര സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഓഫീസര്‍മാരുടെ പ്രാഥമിക പരിശോധന നിര്‍ബന്ധം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. അല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. 28 ദിവസം വരെയാണ് നിരീക്ഷണം. ചൈനയില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്. വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.