• Lisha Mary

  • March 25 , 2020

ജനീവ : കൊറോണ വൈറസിന്റെ തലസ്ഥാനമായി അമേരിക്ക മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രാജ്യത്ത് അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകത്ത് കൊറോണ രോഗം ബാധിക്കുന്നവരില്‍ 85 ശതനമാനവും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്. ഇതില്‍ 40 ശതമാനവും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 775 പേര്‍ ഇതുവരെ മരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും ഏഷ്യന്‍ രാജ്യമായ ഇറാനിലും കോവിഡ് മരണം ഉയരുകയാണ്. ഇതുവരെ ലോകത്ത് കോവിഡ് മരണം 18,800 കടന്നു. രോഗബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിരിക്കുകയാണ്. ഇറ്റലിയിലെ മരണനിരക്ക് വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് വന്നിട്ടും. രാജ്യം അടച്ചിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം രോഗവ്യാപനം ചെറുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ് തുറന്നു പറഞ്ഞു. പ്രതിസന്ധിയെ അതീജീവിച്ച് അമേരിക്ക ഉടന്‍ തന്നെ സാധാരണ നിലയിലേക്ക് തിരികെ വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.