• Lisha Mary

  • March 7 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തെലങ്കാനയ്ക്ക് പിന്നാലെ ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളും ഡല്‍ഹിയും കേരളത്തിന്റെ സഹായം തേടുന്നു. തെലങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധിസംഘം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തി. മന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ചനടത്തി. കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും രോഗം മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ പരിശീലനം, സുരക്ഷാമാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണലഭ്യത തുടങ്ങിയവ സംഘം കണ്ടുമനസ്സിലാക്കി. കെറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഒഡിഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ഥിച്ചതായി മന്ത്രി പറഞ്ഞു. കോവിഡ്-19 രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തെലങ്കാന ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മിഷണര്‍ ബി. സന്തോഷ് ഐ.എ.എസ്. പറഞ്ഞു. പഠനറിപ്പോര്‍ട്ട് തെലങ്കാന ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷാസജ്ജീകരണങ്ങളും സംഘം വിലയിരുത്തി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവ സംഘം സന്ദര്‍ശിച്ചു. സംഘം ഇന്ന് ആലപ്പുഴ സന്ദര്‍ശിക്കും. കോവിഡ്-19 അവലോകനയോഗങ്ങളിലും സംഘം പങ്കെടുക്കും. ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മഹ്ബൂഖന്‍, ഗാന്ധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രാവണ്‍കുമാര്‍, ഹൈദരാബാദ് ജില്ലാ മെഡിക്കല്‍ഓഫീസര്‍ ഡോ. വെങ്കിടി, തെലുങ്കാന എന്‍.എച്ച്.എം. ഡയറക്ടര്‍ ഡോ. രഘു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, മെഡിക്കല്‍സര്‍വീസസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. നവജ്യോത്സിങ് ഖോസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.