• Lisha Mary

  • March 22 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടയ്ക്കുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി. അവശ്യസര്‍വീസുകളായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം. ജില്ലയില്‍ സമ്പൂര്‍ണ അടച്ചിടലിന് കാസര്‍കോട് കളക്ടര്‍ക്കും പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൊതുഗതാഗതം നിരോധിക്കും. പൊതു യാത്രാ വാഹനങ്ങള്‍ക്ക് ജില്ലയ്ക്ക് പുറത്തേയ്ക്കു പോകാനോ അകത്തേയ്ക്കു പോകാനോ സാധിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ അനുവദിക്കൂ. മറ്റു ജില്ലകളിലേയ്ക്ക് യാത്രചെയ്യാനും പാടില്ല. കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു.