• admin

  • March 2 , 2020

ന്യൂഡൽഹി :

ജമ്മുകശ്മീരിനു പ്രത്യേകാധികാരം നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരേ സമർപ്പിച്ച ഹർജികൾ ഏഴംഗബെഞ്ചിനു വിടണമോ എന്നകാര്യത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് തിങ്കളാഴ്ച ഉത്തരവിറക്കും. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30-ന് ഉത്തരവിറക്കുക.

ഇക്കാര്യത്തിൽ സുപ്രീംകോടതി സുദീർഘമായി വാദംകേട്ടിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന്‌ രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരമാണ് ഭരണഘടനയുടെ 370-ാം വകുപ്പ് ഇല്ലാതാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വകുപ്പും കശ്മീരിലും നടപ്പാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയുംചെയ്തു.

സർക്കാർനടപടി ചോദ്യംചെയ്യുന്ന ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ സഞ്ജയ് പരീഖ്, ദിനേശ് ദ്വിവേദി, ഗോപാൽ ശങ്കരനാരായണൻ, സി.യു. സിങ്, സെഡ്.എ. ഷാ തുടങ്ങിയവരാണ് ഏഴംഗബെഞ്ച്‌ വേണമെന്നാവശ്യപ്പെട്ടത്.

അഞ്ചംഗബെഞ്ചുതന്നെ വാദംകേട്ടാൽ മതിയെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർമേത്തയും വാദിച്ചിരുന്നു. ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ രാജീവ് ധവാനും സി.യു. സിങ്ങും കേസിൽ കക്ഷിചേർന്ന മേജർ രവിക്കുവേണ്ടി അഡ്വ. വി.കെ. ബിജുവും ഇക്കാര്യത്തിൽ കേന്ദ്രത്തോടു യോജിച്ചു.