• Lisha Mary

  • April 4 , 2020

ന്യൂഡല്‍ഹി : ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തില്‍ വ്യക്തതയുമായി കേന്ദ്രസര്‍ക്കാര്‍. ഒരുമിച്ച് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ വിദശീകരണവുമായി ഊര്‍ജ മന്ത്രാലയം രംഗത്തെത്തിയത്. വഴിവിളക്കുകള്‍ അണയ്‌ക്കേണ്ടതില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങള്‍ നിര്‍ത്താന്‍ ആഹ്വാനമില്ലെന്നും ലൈറ്റുകള്‍ മാത്രം ഓഫ് ചെയ്താല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം. ആശുപത്രികളിലെയും മറ്റ് അവശ്യ സേവനങ്ങളിലെയും ലൈറ്റുകള്‍ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുമിച്ചു ലൈറ്റ് ഓഫ് ചെയ്യുന്നത് ഗ്രിഡില്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം മന്ത്രാലയം തള്ളി. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.