• Lisha Mary

  • April 18 , 2020

തിരുവനന്തപുരം : തനിക്കെതിരെ കേസെടുക്കാനായി വിജിലന്‍സിന് അനുമതി നല്‍കിയത് സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയെ കണ്ടാല്‍ മുട്ടിടിക്കുന്നത് കൊണ്ടാണെന്ന കെ എം ഷാജി എംഎല്‍എയുടെ പ്രസ്താവനയ്ക്ക് എതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുത്. എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ. പരിമിതികള്‍ ദൗര്‍ബല്യമായി കാണരുത്. സ്പീക്കര്‍ പറഞ്ഞു. അഴിക്കോട് സ്‌കൂളിന് ഹയര്‍സെക്കന്ററി അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം കോഴവാങ്ങി എന്ന് 2017ല്‍ ഉയര്‍ന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ക്കെതിരെ ഷാജി ആരോപണവുമായി രംഗത്തെത്തിയത്. കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ല. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ല. പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നില്‍ സ്പീക്കര്‍ വിധേയനായി എന്നാണ് കെ എം ഷാജി പറഞ്ഞത്.