• Lisha Mary

  • March 28 , 2020

ലക്നൗ : ലോക് ഡൗണ്‍ സാഹചര്യത്തില്‍ യാത്രാസംവിധാനമില്ലാതെ അതിര്‍ത്തിയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്തി. ലോക്ക് ഡൗണില്‍ ജോലി ഇല്ലാതായതോടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങാന്‍ തുടങ്ങിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ക്കുള്ള യാത്രാസഹായം ഒരുക്കാന്‍ വെള്ളിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് നിര്‍ദേശിച്ചതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. രാത്രിയില്‍തന്നെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരേയും ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവരെയും ബന്ധപ്പെട്ട് ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച പോലീസ് ഉദ്യോഗസ്ഥര്‍ ലക്നൗ ചാര്‍ബാഗിലെ ബസ് സ്റ്റേഷനിലെത്തി വെള്ളം, ഭക്ഷണവിതരണം എന്നിവ ഉറപ്പാക്കി. ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി, ലക്നൗ കമ്മീഷ്ണര്‍ സുജിത് കുമാര്‍ പാണ്ഡെയും യാത്രാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബസ് സ്റ്റേഷനിലെത്തിയിരുന്നു. കാണ്‍പൂര്‍, വാരണാസി, ഗോരഖ്പുര്‍, ഫൈസാബാദ്, ബസ്തി, സുല്‍താന്‍പുര്‍, അമേഠി, റായ്ബറേലി തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാര്‍ ഇക്കൂട്ടത്തിലുണ്ട്.