• Lisha Mary

  • March 19 , 2020

കണ്ണൂര്‍ :

ജില്ലയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ജില്ലയില്‍ ചിലയിടങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച അതിഥി ദേവോ ഭവ കാംപയിന്റെ ഭാഗമായാണിത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം താമസസ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാകും. ആവശ്യമെങ്കില്‍ താമസസൗകര്യം, വാഹന സൗകര്യം തുടങ്ങിയവയും വിനോദസഞ്ചാര വകുപ്പ് ഒരുക്കും. ഐസൊലേഷന്‍ കാലയളവിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ യാത്ര സംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. കണ്ണൂര്‍ കാള്‍ടെക്സിലുള്ള ഡിടിപിസി കെട്ടിടത്തിലാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. സേവനങ്ങള്‍ക്കായി 04972 706336 (ഡിടിപിസി ഓഫീസ്), 9645454500 (ഡിടിപിസി സെക്രട്ടറി), 8075649379 (ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കാംപയിന്റെ ഭാഗമായി ഡിടിപിസി തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്നും അവരെ ആതിഥ്യമര്യാദകളോടെ വേണം സ്വീകരിക്കാനെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ അവരെ സംശയത്തോടെ നോക്കിക്കാണുന്നത് ശരിയല്ല. വിദേശരാജ്യത്തു നിന്ന് വരുന്നവരെന്ന നിലയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പും പോലിസും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
കൊറോണ ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമാവുന്നവര്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. മുന്‍വിധികളോടെ വിദേശികളോട് പെരുമാറുന്നത് നമ്മുടെ ആതിഥ്യമര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് ടൂറിസം മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.