• Lisha Mary

  • March 30 , 2020

കല്‍പ്പറ്റ : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റിയ സാഹചര്യത്തില്‍ മൂന്ന് സ്വകാര്യ ആശുപത്രികളും പൊരുന്നന്നൂര്‍, പനമരം, കമ്മ്യൂണിറ്റി സെന്ററുകളും ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളാക്കി. മാനന്തവാടിയിലെ വിന്‍സന്റ്ഗിരി, ജ്യോതി, സെന്റ് ജോസഫ് എന്നീ സ്വകാര്യ ആശുപത്രികളിലാണ് ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ലഭിക്കുക. വിന്‍സന്റ്ഗിരി ആശുപത്രിയില്‍ ജനറല്‍ ഒ.പി.യും 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും സെന്റ് ജോസഫ് ആശുപത്രിയില്‍ സര്‍ജറിയും ജനറല്‍ മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തിക്കും. പൊരുന്നന്നൂര്‍, പനമരം സി.എച്ച്.സി.കളില്‍ 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും ഉണ്ടാകും. ജ്യോതി ഹോസ്പിറ്റലില്‍ ഗൈനക്കോളജി ഒ.പി. സംവിധാനം ഉണ്ടാവും. കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റിയതോടെ ജില്ലാ ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്കുളള ചികിത്സ മുടങ്ങുന്നതിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നടപടി.