• admin

  • February 6 , 2020

കണ്ണൂർ :

സെൻസസിന്റെ ഭാഗമായുള്ള വിവരശേഖരണം ജില്ലയിൽ ഏപ്രിൽ 15 മുതൽ ആരംഭിക്കുമെന്ന് കലക്ടർ ടി വി സുഭാഷ് അറിയിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലാണ് സെൻസസിന്റെ ഒന്നാംഘട്ടമായ വീടുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സൗകര്യങ്ങളുടെ കണക്കെടുപ്പ് നടത്തുക. രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട വിശദമായ വിവരശേഖരണമാണ്‌. ഇത്‌ 2021 ഫെബ്രുവരി ഒമ്പതുമുതൽ 28വരെ നടക്കും. 

ആദ്യഘട്ടത്തിൽ വീടുമായി ബന്ധപ്പെട്ട 31 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട നമ്പർ, സെൻസസ് വീട്ടുനമ്പർ (ഇത് ഉദ്യോഗസ്ഥർ നൽകും), വീടിന്റെ തറ, ചുമര്, മേൽക്കൂര എന്നിവയുടെ തരം, കെട്ടിടത്തിന്റെ ഉപയോഗം, വീടിന്റെ സ്ഥിതി, എത്ര ആളുകൾ താമസിക്കുന്നു, കുടുംബനാഥന്റെ പേര്, ലിംഗം, പട്ടികജാതി–പട്ടികവർഗ വിഭാഗമാണോ, കെട്ടിടത്തിന്റെ  ഉടമസ്ഥാവകാശം ഏതു തരമാണ്, സ്വന്തമായി ഉപയോഗിക്കുന്ന മുറികളുടെ എണ്ണം,  മുഖ്യ കുടിവെള്ള സ്രോതസ്‌, കുടിവെള്ളത്തിന്റെ ലഭ്യത, വൈദ്യുതി സ്രോതസ്‌, ടോയ്‌ലറ്റ്‌  സൗകര്യമുണ്ടോ, വീടിന് അഴുക്കുചാൽ ഉണ്ടോ, കുളിക്കാനുള്ള സൗകര്യമുണ്ടോ, അടുക്കള സൗകര്യമുണ്ടോ, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം ഏത്, റേഡിയോ,- ടെലിവിഷൻ,- ഇന്റർനെറ്റ് എന്നിവ ഉണ്ടോ, ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉണ്ടോ, വാഹനങ്ങൾ ഉണ്ടോ, മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ധാന്യം ഏത്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക. 

വിവരശേഖരണത്തിനായി ജില്ലയിൽ 5525 എന്യൂമറേറ്റർമാരും 800 സൂപ്പർവൈസർമാരും രംഗത്തിറങ്ങും. എൽപി, -യുപി അധ്യാപകരാണ് പ്രധാനമായും എന്യൂമറേറ്റർമാരായി പ്രവർത്തിക്കുക. സൂപ്പർവൈസർമാരായി ഹൈസ്‌കൂൾ അധ്യാപകരെയും നിയോഗിക്കും. ഇവർക്കുള്ള പരിശീലനം മാർച്ചോടെ പൂർത്തിയാവും. 

സ്മാർട്ട് ഫോണിന്റെ സഹായത്തോടെയാണ് ഇത്തവണ സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറായി.  മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താം. പുരുഷൻ, സ്ത്രീ എന്നതിനൊപ്പം ട്രാൻസ്‌ജെൻഡർ എന്ന് അടയാളപ്പെടുത്താനും സൗകര്യമുണ്ട്. 

സർക്കാർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററു(എൻപിആർ)മായി സെൻസസിന് ഒരു ബന്ധവുമില്ലെന്ന്  കലക്ടർ വ്യക്തമാക്കി. 2011ലെ സെൻസസിലേതിന് സമാനമായ വിവരങ്ങൾ തന്നെയാണ് ഇത്തവണത്തെ സെൻസസിലും ശേഖരിക്കുന്നത്. അതിനാൽ സെൻസസ് നടപടിയുമായി സഹകരിക്കണമെന്ന്‌ കലക്ടർ അഭ്യർഥിച്ചു.