• Lisha Mary

  • April 10 , 2020

തിരുവനന്തപുരം : രാജ്യത്ത് ആദ്യ കോവിഡ് രോഗബാധ കണ്ടെത്തിയ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം തടസ്സങ്ങളില്ലാതെ വിവരങ്ങള്‍ കൈമാറുന്നതിനും പിഴവുകളില്ലാതെ സേവനങ്ങള്‍ നല്‍കുന്നതിനും ഇപ്പോള്‍ ആശ്രയിക്കുന്നത് പരസ്പരം കൂട്ടി യോജിപ്പിച്ച ഒരൊറ്റ വിതരണ ശൃംഖലയെ. രോഗാണു വ്യാപനം തടയുന്നതിന് മികച്ച രീതി രൂപപ്പെടുത്തിയ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതിദിന സൂം - വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കു നന്ദി. ആരോഗ്യ മന്ത്രി കെ. കെ ഷൈലജയും ഉന്നത ഉദ്യോഗസ്ഥരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുമായി എല്ലാ ദിവസവും സൂം ആപ്പ് മുഖേന നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ഉത്കണ്ഠകള്‍ അറിയുന്നതു മുതല്‍ ഫലപ്രദമായ പ്രതികരണ സംവിധാനം ഒരുക്കുന്നതില്‍ വരെ ഈ യോഗങ്ങള്‍ വഹിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എന്‍ രാജന്‍ ഖൊബ്രഗഡെ, ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാ ബീവി എന്നിവരാണ് മന്ത്രിക്കൊപ്പം പങ്കെടുക്കുന്നത്. ഓരോ ദിവസത്തെയും ആസൂത്രണത്തിന് ആവശ്യമായ അവശ്യ വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ ആശയവിനിമയത്തിലാണ് എന്ന് ഡോ. ഖൊബ്രഗഡെ വ്യക്തമാക്കി. 'രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും ആശുപത്രി വിട്ടവരുടെയും വിവരങ്ങള്‍, പരിശോധനാ ഫലങ്ങള്‍, ഉപകരണങ്ങളും പരിശോധനാ കിറ്റുകളും മരുന്നുകളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) ഉള്‍പ്പെടെ ആശുപത്രികളിലെ സ്ഥിതിവിവരം എന്നിവയെല്ലാം ഈ യോഗങ്ങളിലാണ് വിശദീകരിക്കുന്നത്'. രണ്ടു തരത്തിലുള്ള ആശയ വിനിമയമാണ് ഇതിലൂടെ നടക്കുന്നത്- അദ്ദേഹം പറഞ്ഞു.' താഴേത്തട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഉന്നത കേന്ദ്രങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വേണമെങ്കില്‍ നിര്‍ദേശിക്കാനും കഴിയുന്നു. കേരളം മുഴുവന്‍ രാപ്പകലില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന അടിയന്തര ആവശ്യങ്ങള്‍ ഏതു സമയത്തും അറിയിക്കാനും സാധിക്കുന്നു'. ചികില്‍സാ സംബന്ധമായ ദൈനംദിന കൂടിയാലോചനകളില്‍ സൂം കോണ്‍ഫറന്‍സ് ഒരു സുപ്രധാന മാധ്യമമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഏറ്റവും ഗുരുതര ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ വിഭവങ്ങള്‍ ഏറ്റവും ശരിയായി വിനിയോഗിക്കുന്നതിന് ഇത് വലിയ സഹായമാണ് നല്‍കുന്നത്.