• admin

  • February 9 , 2020

കൊച്ചി : സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി അടക്കം ഈ രംഗത്തു താത്പര്യമുള്ളവരുമായെല്ലാം കൈകോര്‍ത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും സമുദ്രോത്പന്ന കയറ്റുമതി വ്യവസായ മേഖലയ്ക്ക് നേല്‍കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാഷ് പറഞ്ഞു. എംപിഇഡിഎയും സീഫുഡ്എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സംയുക്തമായി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ത്രിദിന 'ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ 2020' (ഐഐഎസ്എസ് 2020) യുടെ രണ്ടാംദിവസമായ ശനിയാഴ്ച സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് വിവിധ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സമുദ്രോത്പന്ന മേഖലയ്ക്കും പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 10 ശതമാനം സമുദ്രോത്പന്നമേഖലയുടെ സംഭാവനയാണ്. കാര്‍ഷിക കയറ്റുമതിയിലാകട്ടെ 20 ശതമാനവും ഈ മേഖലയുടെതാണ്. ലോകത്തെ നാലാമത്തെ വലിയ സമുദ്രോത്പന്നക്കയറ്റുമതിരാജ്യമാണ് ഇന്ത്യ. സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ ഉത്പാദകരാജ്യമായി ഇന്ത്യ മാറണം. ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കഠിനമായി പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനഫീഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. പുതിയ സംരംഭകര്‍ക്ക് സാങ്കേതികാശയങ്ങള്‍ പങ്കുവയ്ക്കാനും ബിസിനസ് പരിപോഷിപ്പിക്കാനും മികച്ച വേദിയാണ് ഈ മേളയെന്ന് മന്ത്രി പറഞ്ഞു. മേളയുടെ സുവനീര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കു കോപ്പി നല്‍കി കേന്ദ്രമന്ത്രി സോം പര്‍കാഷ് പ്രകാശനം ചെയ്തു. പുതുതായി കേന്ദ്രത്തില്‍ രൂപീകരിച്ച ഫിഷറീസ് വകുപ്പും വാണിജ്യ മന്ത്രാലയവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് പാര്‍സമെന്റംഗമായ ഹൈബി ഈഡന്‍ വിരല്‍ ചൂണ്ടി. കഴിഞ്ഞ ദശാബ്ദത്തില്‍ സമുദ്രോത്പന്ന കയറ്റുമതി മേഖല അതിഗംഭീരമായ നേട്ടം ഉണ്ടാക്കിയതായി എസ്ഇഎഐ ചെയര്‍മാന്‍ ജഗ്ദീഷ് ഫൊഫാണ്ടി പറഞ്ഞു. മത്സരം നേരിടാന്‍ പ്രാഥമികോത്പാദകര്‍ക്ക് ഇന്‍ഷുറന്‍സും ധനസഹായങ്ങളും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംപിഇഡിഎ മുന്‍ചെയര്‍മാന്‍ ടി.കെ.എ നായര്‍ ആശംസ നേര്‍ന്നു. അറുപതോളം അവാര്‍ഡുകള്‍ ചടങ്ങില്‍ വിശിഷ്ടവ്യക്തികള്‍ വിതരണം ചെയ്തു. ഏറ്റവും ഉത്തരവാദിത്വമുള്ള കയറ്റുമതി സ്ഥാപനത്തിനുള്ള എംപിഇഡിഎ ചെയര്‍മാന്റെ അവാര്‍ഡും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. പുതുതായി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് എംപിഇഡിഎ ചെയര്‍മാന്‍ കെ.എസ്. ശ്രീനിവാസ് ചടങ്ങിനൊടുവിലാണ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ ഗാദ്‌റെ മറൈന്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉത്തരവാദിത്ത കയറ്റുമതിസ്ഥാപനത്തിനുള്ള പുരസ്‌കാരം. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കേരളത്തിലെ അമാല്‍ഗം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ്ഡയറക്ടറുമായ അബ്രഹാം ജെ തരകനു ലഭിച്ചു.