• admin

  • August 6 , 2020

തിരുവനന്തപുരം : മഴ ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. എന്‍ഡിആര്‍എഫിന്റെ നാല് ടീം കേരളത്തിലെത്തി. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. താമരശ്ശേരി മേഖലയില്‍ ശക്തമായ മഴയും കാറ്റുമുണ്ട്. പുതുപ്പാടി, കോടഞ്ചേരി മേഖലകളില്‍ മലവെള്ളപ്പാച്ചിലുണ്ട്. കോടഞ്ചേരി തുഷാരഗിരി-അടിവാരം റോഡിലെ ചെമ്ബുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വന പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ചാലിയാര്‍, പൂനൂര്‍ പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്. ഇരുവഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നിലമ്ബൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടി. ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പൊട്ടിയത്.