• admin

  • February 5 , 2020

ന്യൂഡൽഹി :

ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ, പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ്. എൻ.വി. രമണ ചോദിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കേസ് നേരത്തേ പരിഗണിച്ചപ്പോൾ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിർമിക്കുമെന്നു സര്‍ക്കാർ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സർക്കാരിനു നൽകിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു.

അതിനു ശേഷമാണ് ജസ്റ്റിസ് എൻ.വി. രമണ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിനു സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കിയോ എന്ന് ദേവസ്വം ബോർഡ് അഭിഭാഷകനോടു ചോദിച്ചത്. തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കൽ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

തുടർന്നാണ് തിരുവാഭരണം ക്ഷേത്രത്തിന്റേതാണെന്നു സുപ്രീം കോടതി പറഞ്ഞത്. ദൈവത്തിനു സമര്‍പ്പിച്ചാൽ അതു ദൈവത്തിനാണ്. തിരുവാഭരണം ദൈവത്തിന്റേതാണോ, രാജകുടുംബത്തിന്റേതാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാന സർക്കാർ നിലപാട് അറിയിക്കും.