• admin

  • January 31 , 2020

വെല്ലിങ്ടണ്‍ : ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 12 ഓവറിനിടെ ആറു വിക്കറ്റ് നഷ്ടമായ ഇന്ത്യ 14 ഓവറില്‍ ആറിന് 102 റണ്‍സെന്ന നിലയിലാണ്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ (8), ക്യാപ്റ്റന്‍ വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (1), ശിവം ദുബെ (12), കെ.എല്‍ രാഹുല്‍ (39), വാഷിങ്ടണ്‍ സുന്ദര്‍ (0) എന്നിവരാണ് പുറത്തായത്. അഞ്ചു പന്തില്‍ നിന്ന് ഒരു സിക്സടക്കം എട്ടു റണ്‍സെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ലെയ്നാണ് പുറത്താക്കിയത്. കുഗ്ലെയ്ന്റെ ആദ്യ പന്ത് സിക്സറിന് പറത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. മിച്ചെല്‍ സാന്റ്നര്‍ ക്യാച്ചെടുത്തു. ഒമ്പത് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കോലിയെ ബെന്നറ്റ് മടക്കി. അയ്യര്‍ ഇഷ് സോധിയുടെ പന്തില്‍ പുറത്തായി. നേരത്തെ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് നറുക്ക് വീണത്. സഞ്ജുവിന്റേതടക്കം മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ക്ക് പകരം നവ്ദീപ് സെയ്നിയും വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തി. കിവീസ് ടീമില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുന്നില്ല. ടിം സൗത്തിയാണ് പകരം ടീമിനെ നയിക്കുന്നത്. ഗ്രാന്ദോമും ഇന്ന് കളിക്കുന്നില്ല. ഇരുവര്‍ക്കും പകരം ടോം ബ്രൂസും ഡാരില്‍ മിച്ചെലും ടീമിലെത്തി.