• admin

  • January 27 , 2020

തിരുവനന്തപുരം : മദ്യവര്‍ജനത്തിനും മയക്കുമരുന്നുകളുടെ നിവാരണത്തിനും ഊന്നല്‍ നല്‍കി എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംസ്ഥാനതല ലഹരിവിരുദ്ധ ശില്‍പശാല സംഘടിപ്പിക്കുന്നു. നാളത്തെ കേരളം ലഹരി വിമുക്ത കേരളം എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന തൊണ്ണൂറുദിന തീവ്രബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പരിശീലകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനം രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പു മന്ത്രി ശ്രീ ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ശില്‍പശാലയില്‍ 'ലഹരിയും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ പാലിയേറ്റീവ് മെഡിസിന്‍ ആര്‍എംഒ ഡോ. പ്രശാന്ത് സി വിയും 'ലഹരിയും മനസും' എന്ന വിഷയത്തില്‍ കരുണാസായി ഡയറക്ടര്‍ ശ്രീ മധുജന്‍ എല്‍ ആറും 'ലഹരിയും നിയമവശങ്ങളും' എന്ന വിഷയത്തില്‍ വിമുക്തി മാനേജര്‍ ശ്രീ ഹരികൃഷ്ണ പിള്ളയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കേരളത്തിലെ 6700 ഗ്രന്ഥശാലകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളിലും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചേരുന്ന ലഹരി വിമുക്ത സായാഹ്ന കൂട്ടായ്മകളിലും വിഷയം അവതരിപ്പിക്കുന്നവരാണ് ശില്‍പശാലയിലൂടെ പരിശീലനം നേടുന്നത്. വിവിധ ജില്ലകളില്‍ നിന്നായി നൂറുപേരും ജില്ലയിലെ റിസോഴ്‌സ് പേഴ്‌സണുകളും പങ്കെടുക്കുന്നുണ്ട്.