• admin

  • February 15 , 2020

മുല്ലശേരി :

ഊരകം എയുപി സ്‌കൂളിലെ കുട്ടികൾ പാടത്തിറങ്ങി. കൊയ്ത്തുപാട്ടുകളുമായി അധ്യാപകരും കൂടെ കൂടിയതോടെ ഉത്സവാന്തരീക്ഷം. സ്കൂൾ ലീഡർ പി എസ് ലെനയുടെ നേതൃത്വത്തിൽ ഊരകം എയുപി സ്‌കൂളിലെ 71 കുട്ടികളാണ്‌ അവർ നട്ടുവളർത്തിയ കോൾനിലത്തെ കതിർ കാണാനെത്തിയത്. 

മുല്ലശേരി പഞ്ചായത്തിൽ മതുക്കരയിലെ വടക്കേപ്പുറം കോൾപ്പാടത്തെ വിളവ് കാണാനാണ് കുട്ടികളെത്തിയത്. 98 ദിവസം മുമ്പ്‌ അവർ നട്ട ഞാറാണ് സ്വർണവർണത്തിൽ വളർന്ന് കതിർക്കുലകളായത്. അധ്യാപകരായ എ എസ് ഗംഗാദേവി, സി ഒ ഓമന, പി എസ് സ്മിത, എ ലത, കെ ബ്രീജ എന്നിവർ കൊയ്ത്തുപാട്ടുകൾ ഈണത്തിൽ പാടിയതോടെ വിദ്യാര്‍ത്ഥികൾക്ക് ആവേശമായി. 

പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, വാർഡംഗം സീമ ഉണ്ണികൃഷ്ണൻ, കൃഷി കോ–ഓർഡിനേറ്റർ കെ എസ് സദാശിവൻ, പ്രധാനാധ്യാപകൻ കെ നന്ദനൻ എന്നിവരും വിദ്യാര്‍ത്ഥി കൾക്കൊപ്പം ചേർന്നതോടെ ചുട്ടുപൊള്ളുന്ന വെയിലിനെയും വിദ്യാര്‍ത്ഥികൾ മറന്നു.