• admin

  • February 16 , 2020

വയനാട് : നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. സബ് ജില്ലാ ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ക്യാമ്പ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ നിര്‍മ്മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാധ്യതകള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമൊരുക്കിയതായി കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനം ഐ.ഒ.ടി സെന്‍സറുകളുപയോഗിച്ച് നിരീക്ഷിക്കാനും നിര്‍മ്മിത ബുദ്ധിയധിഷ്ഠിത സംവിധാനങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ സ്‌കൂളുകളില്‍ സംവിധാനവുമൊരുക്കും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കുന്നത്. ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയില്‍ അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക് ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയില്‍ പരിശീലനത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ദിവസത്തെ പരിശീലനത്തില്‍ കുട്ടികള്‍ തയാറാക്കിയ ഉപകരണങ്ങളുടെ പ്രദര്‍ശനവും നടക്കുമെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ വി.ജെ. തോമസ് അറിയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.