• admin

  • November 10 , 2022

കൽപ്പറ്റ : പൂതാടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ റേഷൻ കട നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ ലൈസൻസിയുടെ പരാതികൾ അടിസ്ഥാന രഹിതമാണന്ന് റേഷൻ കട സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ സംവരണ വിഭാഗത്തിന് അനുവദിച്ച റേഷൻ കട നിഷ്പക്ഷമായ പരിശോധനകൾ നടത്താതെയാണ് പുതിയ വ്യക്തിക്ക് ലൈസൻസ് കൊടുത്തത്. അപേക്ഷകരുടെ യോഗ്യതാ മാർക്ക് നൽകിയതിൽ, വിദ്യാഭ്യാസ യോഗ്യത, സെയിൽസ് മാൻ പരിചയം എന്നീ കാര്യങ്ങളിൽ അപേക്ഷകയായ നീതു ഇ.ആർ ന് ലഭിക്കേണ്ട മാർക്കിന്റെ മുൻഗണന നൽകാതെ രണ്ട് അപേക്ഷകൾക്ക് തുല്യമാർക്ക് നൽകി അപേക്ഷകരിൽ ഷീജാകുമാരിക്ക് വയസ്സിന്റെ പരിഗണന നൽകി അവരെ അംഗീകരിക്കുകയാണ് ചെയ്തത്. രണ്ടാമത്തെ അപേക്ഷക അപേക്ഷയോടൊപ്പം നൽകിയ കെട്ടിട സൗകര്യങ്ങൾ നിലവിൽ ഉള്ള റേഷൻ കട നടത്തി വരുന്ന കെട്ടിടം തന്നെയാണ്. റേഷൻ കടക്ക് ആവശ്യമായ എല്ലാ സൗകര്യവും കെട്ടിടത്തിനുണ്ട്, മണ്ണെണ്ണ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തോളമായി നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന റേഷൻ കട ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്, ഈ റേഷൻ കടയിലെ കാർഡുടമസ്ഥർക്ക് സൗകര്യപ്രദമായ സ്ഥലത്താണ് ഈ കെട്ടിടം. കാലപ്പഴക്കമുള്ളതും സൗകര്യമില്ലാത്തതുമായ കെട്ടിടത്തിൽ റേഷൻ കട തുടങ്ങാൻ വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചപ്പോൾ നാട്ടുകാരായ ഞങ്ങൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. നിലവിൽ ഞങ്ങളുടെ പ്രദേശത്തുള്ള റേഷൻ കട വരുന്നതിൽ നാട്ടുകാർക്ക് യാതൊരു എതിർപ്പും ഇല്ലന്നും ഇവർ പറഞ്ഞു. ഇ.ജെ.രഞ്ജിത്ത്, ടി.രാജീവ്, ഇ.എ.പ്രദീഷ്, പി.എൻ.ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.