• admin

  • May 31 , 2020

ആലപ്പുഴ : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതിലധികം നേതാക്കള്‍ക്കെതിരെ കേസെടുത്തു. അമ്ബലപ്പുഴ പൊലീസാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തില്‍ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തത്‌. അതേസമയം കരിമണല്‍ ഖനനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിലെ സഖ്യകക്ഷിയായ സി.പി.ഐയും രംഗത്ത് വന്നിരുന്നു. പൊഴിമുറിച്ചുള്ള മണല്‍ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം ഉന്നയിച്ചത്. പ്രളയരക്ഷാ നടപടികളുടെ പേരില്‍ നടക്കുന്നത് പകല്‍ കൊള്ളയാണെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പൊഴിമുറിക്കലിന്‍റെ മറവില്‍ നടക്കുന്നത് കരിമണല്‍ കടത്താണെന്നും കുട്ടനാടിന്‍റെ രക്ഷയ്ക്ക് ഇപ്പോഴത്തെ ജോലികള്‍ ഉപകരിക്കില്ലെന്നും സി.പി.ഐ നിലപാടെടുത്തിരുന്നു.ഖനനം നിര്‍ത്തിവയ്ക്കണമെന്നും പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സി.പി.ഐ വ്യക്തമാക്കി.