• admin

  • January 12 , 2021

തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. ലൈഫ് മിഷനില്‍ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും യുണിടാകിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ട്. വ്യക്തിപരമായ ലാഭം പ്രതീക്ഷിച്ച്‌ പ്രതികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. വീട് മുടക്കി എന്നു പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് അനില്‍ അക്കരയും ലൈഫ് മിഷന്‍ വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. അതേസമയം, നയപരമായ തീരുമാനം എടുത്തെന്ന് കരുതി കുറ്റകൃത്യത്തിന്റെ ബാധ്യത രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടാന്‍ മതിയായ കാരണങ്ങളില്ല. ഉദ്യോഗസ്ഥരും അവരുടെ അടുപ്പക്കാരുമാണ് കുറ്റകൃത്യം ചെയ്തതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.