• admin

  • January 16 , 2020

കോതമംഗലം : ഭവന രഹിതർക്ക് അത്താണിയായി ലൈഫ് പദ്ധതി മാറിക്കഴിഞ്ഞെന്ന് ആന്റണി ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ കോതമംഗലം നഗരസഭയിലെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് ലൈഫ് മിഷന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കൈകോർക്കുക വഴി പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായി മാറിയെന്നും എം.എൽ.എ കൂട്ടി ചേർത്തു. നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. നഗരസഭാ പരിധിയിലെ 31 വാർഡുകളിൽ നിന്നുള്ള 145 ലൈഫ് ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിനെത്തിയ ഗുണഭോക്താക്കളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബ സംഗമത്തിൽ പ്രവർത്തിച്ചു.