• Lisha Mary

  • March 31 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ നിന്ന് രണ്ട് ജില്ലകളും പട്ടികയിലുണ്ട്. കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ളത്. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്. കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും സംസ്ഥാനസര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കൈക്കൊള്ളുന്നതിന് വേണ്ടിയാണ് പട്ടിക തയ്യാറാക്കിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.