കൊച്ചി : രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം.എഡ്., കൂടെ സെറ്റും. ഹയർസെക്കൻഡറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം സംസ്ഥാനത്തെ വിവിധയിടങ്ങളിലെ 14 സ്കൂളുകളിലാണ് താത്കാലിക അധ്യാപകനിയമനത്തിന്റെ പരസ്യംകണ്ട് അനീറ കബീർ ചെന്നത്. എന്നാൽ, ട്രാൻസ്ജെൻഡറാണ് എന്ന് തിരിച്ചറിയുന്നതോടെ എല്ലാ യോഗ്യതകളും അയോഗ്യതകളായി. ഈ നാട്ടിൽ ട്രാൻസ് വനിത എന്നനിലയിൽ ജോലിചെയ്ത് ജീവിക്കാൻ കഴിയില്ലെന്ന് ബോധ്യമായെന്നു പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ ദയാവധത്തിനായി അപേക്ഷനൽകാൻ അഭിഭാഷകനെ ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിക്ക് അപേക്ഷനൽകിയിരിക്കുകയാണ് അനീറ. സർക്കാർ സ്കൂളിലെ അഭിമുഖത്തിൽപ്പോലും കേൾക്കേണ്ടിവരുന്നത് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ പരിഹസിക്കുന്ന ചോദ്യങ്ങളാണെന്ന് അനീറ പറയുന്നു. അപമാനഭയംകൊണ്ട് സ്ത്രീയായി ജീവിക്കുന്ന അനീറ പുരുഷവേഷം ധരിച്ച് പാലക്കാട്ടെ ഒരു സർക്കാർ സ്കൂളിൽ അഭിമുഖത്തിനെത്തി. ജോലിയും ലഭിച്ചു. എന്നാൽ, ട്രാൻസ് വനിതയാണെന്ന് തിരിച്ചറിഞ്ഞതോടെ അനീറയ്ക്കെതിരേ പ്രധാനാധ്യാപികയടക്കം തിരിഞ്ഞു. ട്രാൻസ്ജെൻഡറായതിനാൽ വിദ്യാർഥികളെ ലൈംഗികതാത്പര്യത്തോടെ നോക്കും എന്ന് ഭയമുണ്ടെന്ന് ഇവർ പറഞ്ഞു. ഇത്തരം അപമാനത്തിനുമുന്നിൽ അവൾക്ക് പിടിച്ചുനിൽക്കാനായത് വിദ്യാർഥികളിൽനിന്ന് ലഭിച്ച പിന്തുണക്കൊണ്ടാണ്. പിന്നീടും പലരൂപത്തിൽ എതിർപ്പുകൾ തുടർന്നു. നവംബർ പകുതിയോടെ ലഭിച്ച ജോലി ജനുവരി ആറിന് അവസാനിപ്പിക്കേണ്ടിവന്നു. സോഷ്യോളജി ജൂനിയർ, സീനിയർ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയർ തസ്തികയിൽ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാൽ, സീനിയർ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോൾ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിട്ടു. സംവരണമില്ലാത്തിടത്തോളംകാലം തന്നെപ്പോലെ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് ജോലിലഭിക്കില്ലെന്നാണ് അനീറ പറയുന്നത്. ട്രാൻസ് വനിതയായി എന്നതുകൊണ്ട് ഒറ്റപ്പാലത്തെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. ജോലിചെയ്ത് ജീവിക്കാനാകുന്നുമില്ല. വാടകയ്ക്ക് വീട് ലഭിക്കുന്നതുതന്നെ ഏറെ ബുദ്ധിമുട്ടിയാണെന്നും അനീറ പറയുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി