• admin

  • February 27 , 2020

കൊല്ലം : കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാംകുഴി വാര്‍ഡില്‍ മാലിന്യം ശേഖരിക്കുന്നത് ഇനി മുളയില്‍ തീര്‍ത്ത വേസ്റ്റ് ബിന്നുകളില്‍. വാര്‍ഡിന്റെ പലഭാഗങ്ങളിലായി ആറു ബിന്നുകളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇവ സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി സൗഹൃദമായ മുള ബിന്നുകള്‍ ആകര്‍ഷകമായ കാഴ്ച്ച കൂടിയാണ്. ജീവിതശൈലി രോഗങ്ങളെ നേരിടുന്നതിനും വഴിയോര ശുചീകരണത്തിനുമായി ക്ലീന്‍ വാക്കും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തിയാണ് ക്ലീന്‍ വാക്ക് സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പ്രഭാതസവാരി ഒരുക്കും. നടത്തത്തിന് ഒപ്പം ചുറ്റുപാടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് മുള വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കണം. ഇവിടെനിന്നും ഹരിത കര്‍മ്മസേന അംഗങ്ങള്‍ മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിലെ എം സി എഫില്‍ എത്തിക്കും. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാംകുഴി വാര്‍ഡ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ പ്രഖ്യാപിച്ചു. സമ്പൂര്‍ണ ശുചിത്വത്തിനായി പ്രകൃതിസൗഹൃദ മാലിന്യ നിര്‍മാര്‍ജന മാര്‍ഗം സ്വീകരിക്കുക എന്നതിന്റെ ഭാഗമായാണ് മുളബിന്നുകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തി വരികയാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് ഐസക് പറഞ്ഞു.