• admin

  • February 27 , 2020

തിരുവനന്തപുരം : ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇതിന്റെ പ്രഖ്യാപനം നടത്തും. ലൈഫിലൂടെ തിരുവനന്തപുരം ജില്ലയില്‍ 30,000 വീടുകള്‍ പൂര്‍ത്തിയാക്കാനായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജനകീയ പദ്ധതികളിലൊന്നാണ് സഫലമാകുന്നത്്. ഈ അവസരത്തില്‍ പദ്ധതിയുടെ ഗുണം ലഭിച്ച ചിലരെ പരിചയപ്പെടാം. ലീലയ്ക്കും മക്കള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം പള്ളിച്ചല്‍ പഞ്ചായത്തിലെ പറമ്പുകോണത്തിലെ ലീലയും മക്കളും അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ലീലയ്ക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നത്. ഭര്‍ത്താവ് മരിച്ച ലീല മാനസിക രോഗിയാണ്. രണ്ടാണ്മക്കളില്‍ ഒരാള്‍ മാനസിക വെല്ലുവിളി നേരിടുന്നു. മറ്റൊരാള്‍ വികലാംഗനുമാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞിരുന്ന ലീലയെ ആഹാരത്തിനും മറ്റും സഹായിച്ചത് അയല്‍വാസികളായിരുന്നു. ലൈഫ് മിഷന്‍ പദ്ധതി നിലവില്‍ വന്നപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇവരെ കണ്ട് മതിയായ രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചു. പദ്ധതിക്ക് യോഗ്യരെന്ന് കണ്ട് വീട് വെക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇന്ന് ലീലയും മക്കളും ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടില്‍ സുരക്ഷിതരാണ്. വാടക വീട് പഴങ്കഥ, ഓമനയ്ക്ക് ലൈഫിന്റെ സ്വന്തം വീട് തലചായ്ക്കാന്‍ സ്വന്തമായി വീട് എന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് ഓമന. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഓമനയ്ക്കും കുടുംബത്തിനും ആശ്വാസമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതി. ചെമ്മരുതി പഞ്ചായത്തിലെ താമസക്കാരിയായ ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്നും നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ അനുവദിച്ചത്. ഓമനയുടെ ഭര്‍ത്താവിന് ഓഹരിയായി ലഭിച്ച അഞ്ചു സെന്റിലാണ് രണ്ടു മുറിയും അടുക്കളയും സ്വീകരണ മുറിയും അടങ്ങുന്ന നാന്നൂറ് ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിച്ചത്. വളരെ ബുദ്ധിമുട്ടി ഓരോ ദിവസവും തള്ളി നീക്കുന്ന ഓമനയ്ക്കും ഹൃദ്രോഗിയായ ഭര്‍ത്താവ് പ്രസേനനും വീടിന് വാടക നല്‍കുന്നത് ഏറെ ശ്രമകരമായിരുന്നു. വാടക നല്‍കാനുള്ള ബുദ്ധിമുട്ട് നിമിത്തം ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു. രോഗവസ്ഥ മൂലം സ്ഥിരമായി പണിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രസേനന്‍. ഓമനയ്ക്കും വരുമാന മാര്‍ഗ്ഗമൊന്നുമില്ല. ഈ അവസ്ഥയിലാണ് ലൈഫില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കുന്നത്. ആരേയും ആശ്രയിക്കാതെ സ്വന്തം വീട്ടില്‍ തലചായ്ക്കാന്‍ കഴിയുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇവര്‍ക്കുള്ളത്. നാലുമാസം മുന്‍പ് സ്വന്തം വീട്ടില്‍ താമസം തുടങ്ങിയ ഇവര്‍ക്ക് ജീവിക്കാന്‍ പുതിയ ഊര്‍ജ്ജം കൂടി നല്‍കുകയാണ് ലൈഫ്. ലൈഫിന്റെ തണലില്‍ സംഗീതയും കുടുംബവും പാറശ്ശാല ഗ്രാമപഞ്ചായത്ത് കൊടവിളാകം വാര്‍ഡിലാണ് സംഗീത താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച സംഗീത നിത്യവൃത്തിക്കായി കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയത് വരികയാണ്. അമ്മ സരസ്വതിയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. ഫാക്ടറിയില്‍ ജോലി ഇല്ലാത്ത ദിവസങ്ങളില്‍ തൊഴിലുറപ്പ് പണിക്കുപോയാണ്  കുടുംബത്തെ നോക്കുന്നത്. ലൈഫിലൂടെ വീട് ലഭിക്കുന്നതിന് മുന്‍പ് ഓടിട്ട വീട്ടിലായിരുന്നു സംഗീതയും കുടുംബവും താമസിച്ചിരുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മുപ്പത് വര്‍ഷത്തോളം താമസിച്ചു. ലൈഫ് 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തുകവഴി അവരുടെ ഏറെ നാളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 2019 നവംബറില്‍ വീട് പണി സമയബന്ധിതമായി പൂര്‍ത്തിയായി. 450 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പ് മുറി, ഒരു ശുചിമുറി, അടുക്കള, ഹാള്‍, ചെറിയ സിറ്റ്ഔട്ട് എന്നിവ അടങ്ങുന്നതാണ് വീട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന് കരുതിയ സ്വപ്നം സത്യമായതിന്റെ സന്തോഷത്തിലാണ് സംഗീതയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും തനിക്ക് നല്ലൊരു വീട് ലഭിക്കില്ലായിരുന്നെന്നും സര്‍ക്കാരിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും സംഗീത പറഞ്ഞു.