• admin

  • July 1 , 2020

തിരുവനന്തപുരം : കേരളത്തിലെ മന്ത്രിസഭ ഒന്നും അറിയേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു ശേഷം കൂടുതല്‍ മറുപടിയെന്നും ചെന്നിത്തല പറഞ്ഞു. ഇ-മൊബിലിറ്റി പദ്ധതി അടിമുടി ദൂരൂഹത നിറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് ധനമന്ത്രിയും ചീഫ്‌സെക്രട്ടറിയും അനുമതി നല്‍കിയത്. ധനമന്ത്രി തോമസ് ഐസക്ക് എത്ര മൂടിവച്ചാലും സത്യം പുറത്തു വരുന്നതാണ്. പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ജനത്തെ അറിയിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ബസുകള്‍ വാങ്ങാനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കിയതിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നത്. സെബി നിരോധിച്ച കമ്പനിക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി താത്പര്യമെടുത്താണെന്നാണ് പ്രധാനമായ ആക്ഷേപം.