• admin

  • February 19 , 2020

മാഡ്രിഡ് :

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനും പി.എസ്.ജിക്കും തോല്‍വി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതരായി കുതിക്കുന്ന ലിവര്‍പൂളിനെ അത്‌ലറ്റിക്കോ മാഡ്രിഡ് പിടിച്ചുകെട്ടുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടായിരുന്നു പി.എസ്.ജിയുടെ തോല്‍വി. 

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡീഗോ സിമിയോണിയുടെ സംഘം ലിവര്‍പൂളിനെ കീഴടക്കിയത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് വീണുകിട്ടിയ അവസരം മുതലെടുത്ത് സോള്‍ നിഗ്വസ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടി. ഇതോടെ സ്പാനിഷ് ടീമുകള്‍ക്കെതിരേ കഴിഞ്ഞ അഞ്ച് എവേ മത്സരങ്ങളില്‍ ജയിക്കാനാവാത്ത റെക്കോഡ് തിരുത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല.

മത്സരത്തില്‍ 72% സമയവും പന്ത് കാലിലുണ്ടായിട്ടും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. അതിനിടയില്‍ ലഭിച്ച അര്‍ധാവസരങ്ങള്‍ സലയും ഹെന്റേഴ്‌സും പാഴാക്കി. മാര്‍ച്ച് 12-ന് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡിലാണ് രണ്ടാം പാദ മത്സരം. 

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജിയെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കീഴടക്കിയത്. നോര്‍വീജിയന്‍ താരം എര്‍ലിഗ് ബ്രോട്ട്‌ ഹാളണ്ടിന്റെ ഇരട്ടഗോളുകള്‍ ജര്‍മന്‍ ടീമിന് വിജയം സമ്മാനിച്ചു. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 

69-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡും ഹക്കീമിയും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഒരു വലങ്കാലന്‍ ഷോട്ടിലൂടെ ഹാളണ്ട് ഡോര്‍ട്ട്മുണ്ടിന് ലീഡ് നല്‍കി. എന്നാല്‍ 75-ാം മിനിറ്റില്‍ പി.എസ്.ജി തിരിച്ചടിച്ചു. എംബാപ്പെയുടെ മുന്നേറ്റത്തില്‍ നിന്ന് നെയ്മറാണ് ഗോള്‍ നേടിയത്. എന്നാല്‍ ഇതിന് രണ്ട് മിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. ജര്‍മന്‍ ടീമിനായി പത്തൊമ്പതുകാരന്‍ ഹാളണ്ട് ഒരിക്കല്‍കൂടി അവതരിച്ചു, ബൊറൂസിയയുടെ വിജയഗോള്‍ നേടി. ബൊറൂസിയക്കായി ഏഴാമത്തെ മാത്രം മത്സരം കളിക്കുന്ന ഹാളണ്ടിന്റെ 11-ാം ഗോളായിരുന്നു അത്. മാര്‍ച്ച് 12-ന് പി.എസ്.ജിയുടെ തട്ടകമായ പാരിസിലാണ് രണ്ടാംപാദ മത്സരം.