• Lisha Mary

  • March 28 , 2020

കാസര്‍കോട് : മാക്കൂട്ടം ചുരം റോഡ് കര്‍ണാടക മണ്ണിട്ട് അടച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അടിയന്തിരമായി കേന്ദ്രം ഇടപെട്ട് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. കര്‍ണാടകത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാതയാണ് മണ്ണിട്ട് അടച്ചത്. ഇതോടെ കേരളത്തിലേക്ക് എത്തേണ്ട നിരവധി ചരക്കുവാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. നേരത്തെ ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി തലത്തില്‍ കര്‍ണാടകയുമായി കേരളം ചര്‍ച്ച നടത്തിയിരുന്നു. കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് സമീപമാണ് ഇപ്പോള്‍ മണ്ണിട്ട് തടസ്സപ്പെടുത്തിയത്. ഈ പ്രദേശം കേരളത്തിന്റെ അധീനതയില്‍പ്പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ചരക്കു ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അതിര്‍ത്തി അടച്ചതോടെ അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. കര്‍ണാടകയില്‍ നിന്ന് വയനാട് മുത്തങ്ങ വഴിയുള്ള ഒരു അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴിയേ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് കര്‍ണാടക. ഈ വഴി 100 കിലോമീറ്ററിലധികം ദൂരം കൂടുമെന്നതിനാല്‍ ഉത്തരമലബാറില്‍ അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കാനും സാഹചര്യമുണ്ടാകും. മാക്കൂട്ടം ചുരംപാത മണ്ണിട്ടതോടെ കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. കേരളത്തിന്റെ ഭൂമിയിലാണ് കര്‍ണാടക മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്. റോഡ് തടസ്സപ്പെടുത്തുന്ന വിവരമറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അദ്ദേഹം കര്‍ണാടക ഐ.ജി. വിപില്‍ കുമാര്‍, കുടക് എസ്.പി. സുമന്‍ പലേക്കര്‍ എന്നിവരുമായി ചര്‍ച്ചനടത്തി. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് മണ്ണിട്ടതെന്ന് പോലീസ് സംഘം എസ്.പി.യോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കളക്ടര്‍ ഫോണെടുക്കാന്‍ തയ്യാറായില്ല. ഇതോടെ കളക്ടറുടെ നിര്‍ദേശപ്രകാരമാണെന്നുപറഞ്ഞ് റോഡ് പൂര്‍ണമായും മണ്ണിട്ടടയ്ക്കുകയായിരുന്നു