• Lisha Mary

  • March 28 , 2020

റോം : ഇറ്റലിക്കാര്‍ ലോക്ക്ഡൗണ്‍ കാലത്തിലൂടെ മൂന്നാമത്തെ ആഴ്ച പിന്നിടുകയാണ്. 9000 പേരുടെ ജീവനെടുത്തതോടെ ഇറ്റലിയിലെങ്ങും കടുത്ത നിശബ്ദതയാണ്. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിലുണ്ടായ ബാല്‍ക്കണികളില്‍ നിന്നുള്ള പാട്ടും കൊട്ടുകളുമൊന്നും ഇപ്പോള്‍ ഇറ്റലിയില്‍ കേള്‍ക്കാനില്ല. ആദ്യഘട്ടത്തില്‍ സജീവമായിരുന്ന ബാല്‍ക്കണികളും നിശബ്ദമായി. സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അല്‍പം കൂടി കടുപ്പിച്ചതോടെ സത്യവാങ്മൂലം എഴുതി തയ്യാറാക്കിയേ ഇനി അവര്‍ക്ക് പുറത്തു കടക്കാന്‍ കഴിയൂ. വ്യായാമത്തിനോ പ്രഭാതനടത്തത്തിനോ പോലും അനുവാദമില്ലാത്തതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കൂടി വരികയാണ്. ഒരാഴ്ചയില്‍ മാത്രം 1400 പേരാണ് മരണപ്പെട്ടത്. 600 ലധികം ആളുകള്‍ മരിച്ച ദിവസങ്ങളുമുണ്ടായിരുന്നു. പതിനായിരത്തിലധികം പേര്‍ രോഗമുക്തി നേടിയതില്‍ മാത്രമാണ് നിലവില്‍ രാജ്യം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. മുപ്പത്തെട്ടുകാരനായ ഫോസ്റ്റോ റൂസ്സോ 20 ദിവസമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. ന്യൂമോണിയ ഗുരുതരമായ ആ 20 ദിവസങ്ങളില്‍ വെള്ളത്തില്‍ നിന്ന് ശ്വസിക്കാന്‍ ശ്രമിക്കുന്ന പോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും റൂസ്സോ പറയുന്നു. രോഗവ്യാപനം തടാനായാലും രാജ്യം നേരിടാനിരിക്കുന്ന വലിയ സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവുമെല്ലാം ജനങ്ങളുടെ മുമ്പോട്ടുള്ള പ്രതീക്ഷയ്ക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുകയാണ്. വിജനമായ തെരുവുകളില്‍ കാണാനാകുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും പട്ടാളക്കാരെയും മറ്റും മാത്രമാണ്.