• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി പാര്‍പ്പിട പുനരധിവാസ പദ്ധതി 'പുനര്‍ഗേഹ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അവരുടെ സുരക്ഷയും സാമൂഹ്യപരിരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഠിനമായ ജീവിതദുരിതങ്ങളിലേക്ക് അവര്‍ വലിച്ചെറിയപ്പെടില്ല എന്നുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിടസുരക്ഷ ഉറപ്പാക്കാന്‍ 'പുനര്‍ഗേഹം' പദ്ധതിയിലൂടെ കഴിയും. ഭൂമി വാങ്ങി വീടുവയ്ക്കാന്‍ ഭൂമിക്ക് ആറുലക്ഷവും വീടിന് നാലുലക്ഷവും എന്ന കണക്കില്‍ 10 ലക്ഷമാണ് നല്‍കുന്നത്. സ്ഥലം കണ്ടുപിടിക്കാന്‍ കഴിയാത്തവര്‍ക്കായി ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ച് താമസിക്കാന്‍ സൗകര്യമൊരുക്കും. മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടം 8487ഉം, രണ്ടും മൂന്നും ഘട്ടങ്ങളില്‍ 5099 വീതവും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിന്റെ തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ കടലാക്രമണ ഭീഷണിയുള്ള മേഖലയില്‍ താമസിക്കുന്ന 18,985 കുടുംബങ്ങളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കാനാണ് 'പുനര്‍ഗേഹം' പദ്ധതി നടപ്പാക്കുന്നത്. 2450 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് നീക്കിവെച്ചിട്ടുള്ളത്. 2021-22 വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. പുനരധിവാസത്തിനായി വ്യക്തിഗത വീട് നിര്‍മാണം, ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണം എന്നീ രീതികളും സ്വീകരിക്കും. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ നഷ്ടപ്പെട്ട് തൊഴില്‍രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണതോതില്‍ സജ്ജമാക്കിയ 120 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകളാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്. ഒരു യൂണിറ്റില്‍ 32 അടി നീളമുള്ള എഫ്.ആര്‍.പി യാനത്തിന് പുറമേ, ആവശ്യമായ മത്സ്യബന്ധന വലകള്‍, ലോംഗ് ലെയിന്‍, ചൂണ്ടകള്‍ എന്നിവയും ജീവന്‍രക്ഷാ ഉപകരണങ്ങളായ ജി.പി.എസ്, എക്കോസൗണ്ടര്‍, ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് എന്നിവയും 25 എച്ച്.പി, 9.9 എച്ച്.പി എന്നീ വിഭാഗങ്ങളിലായി രണ്ടു ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളും ഉള്‍പ്പെടുന്നു. നാലു മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനാണ് എട്ടുലക്ഷം രൂപ വീതം വിലവരുന്ന ഒരു മത്സ്യബന്ധന യൂണിറ്റ് ലഭ്യമാക്കുന്നത്.