• Lisha Mary

  • April 7 , 2020

മുംബൈ : എറണാകുളം ഇടപ്പള്ളി സ്വദേശി അയൂബ് ഞായറാഴ്ച ഭക്ഷണം കഴിച്ചില്ല. കഴിക്കാന്‍ ഒന്നും കിട്ടിയില്ല എന്നുപറയുന്നതാണ് ശരി. അടച്ചിടല്‍ കാരണം മുംബൈ നഗരത്തില്‍ കുടുങ്ങിയ അയൂബ് ഇപ്പോള്‍ താമസിക്കുന്നത് വര്‍സോവ മെട്രോ സ്റ്റേഷന് സമീപമുള്ള വലിയൊരു മൈതാനത്ത് സര്‍ക്കാര്‍ നിര്‍മിച്ച കൂറ്റന്‍ ടെന്റിനകത്താണ്. അയൂബിനെക്കൂടാതെ ഇരുപത്തിയഞ്ചോളം മലയാളികള്‍ വേറെയുമുണ്ടിവിടെ. ആകെ മുന്നൂറോളം പേര്‍. ഇതില്‍ വിദേശികളുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ വരുകയും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ നഗരത്തില്‍ കുടുങ്ങിപ്പോവുകയും ചെയ്തവര്‍. ഇവിടെയുള്ള ക്യാമ്പില്‍ പക്ഷേ, ഇവര്‍ക്ക് കൃത്യമായി ഭക്ഷണംപോലും ലഭിക്കുന്നില്ല. രോഗപരിശോധനയുമില്ല. എല്ലാം ഒരു ചടങ്ങിനെന്നപോലെ നടക്കുന്നു. ''മിക്കദിവസങ്ങളിലും രണ്ടോ മൂന്നോ നേരം ഭക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും കിട്ടുന്നില്ല. ഞായറാഴ്ച രാവിലെ കുറച്ചുപേര്‍ക്ക് ഉപ്പുമാവ് കിട്ടിയിരുന്നു. എനിക്കടക്കം പലര്‍ക്കും കിട്ടിയില്ല. ഉച്ചയ്ക്ക് കിട്ടുമല്ലോ എന്നു കരുതി. എന്നാല്‍, ഭക്ഷണമേ കിട്ടിയില്ല. അതേ അവസ്ഥയായിരുന്നു രാത്രിയിലും'' -അയൂബ് പറഞ്ഞു. ചില സന്നദ്ധസംഘടനകള്‍ പലപ്പോഴായി ഭക്ഷണമെത്തിച്ചെങ്കിലും അതൊന്നും വിതരണം ചെയ്യാന്‍ ക്യാമ്പിന് മേല്‍നോട്ടം വഹിക്കുന്നവര്‍ സമ്മതിച്ചില്ല. ഭക്ഷണം മോശമായതുകൊണ്ടാണോ എന്നറിയില്ലെന്നും അയൂബ് പറയുന്നു. ''തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അമ്പതോളം ചപ്പാത്തിപ്പൊതി കൊണ്ടുവന്ന് ചിലരെ മാത്രം വിളിച്ചുണര്‍ത്തി നല്‍കി. മറ്റുള്ളവര്‍ക്ക് ഭക്ഷണമില്ലാത്ത അവസ്ഥ. അയൂബ് മുംബൈയില്‍ എത്തിയിട്ട് മൂന്നു മാസമായി. വിദേശത്തേക്ക് പോകാനുള്ള വിസ സ്റ്റാമ്പ് ചെയ്യാനും മറ്റു രേഖകള്‍ തയ്യാറാക്കാനുമായിരുന്നു എത്തിയത്. ആദ്യം താമസിച്ചത് നവി മുംബൈയിലെ ഒരു ഹോട്ടലില്‍. അവിടെ വാടക കൂടുതലായതിനാല്‍ പിന്നീട് സാക്കിനാക്കയിലെ ഒരു ഹോട്ടലിലേക്ക് മാറി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് മരോളിലെ മറ്റൊരു ഹോട്ടലിലേക്ക് മാറുന്നത്. വാടക ഏറ്റവും കുറഞ്ഞ സ്ഥലംനോക്കി മാറിയതാണ്. 21 ദിവസം ഹോട്ടലില്‍ കഴിയാനുള്ള പണമൊന്നും കൈയിലില്ലാഞ്ഞതിനാല്‍ അവിടെനിന്നിറങ്ങി. സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോള്‍ വര്‍സോവയിലേക്ക് വരാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ കുടുങ്ങിയ അവസ്ഥയിലാണ്. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രചെയ്യാന്‍ കഴിയാഞ്ഞവരും ഹോട്ടലുകളില്‍ താമസിക്കാന്‍ കഴിയാത്തവരുമായി നഗരത്തില്‍ കുടുങ്ങിപ്പോയവരാണ് ഈ ക്യാമ്പിലുള്ളത്. മുംബൈയില്‍ കൊറോണ രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയില്‍ അടച്ചിടല്‍ നീട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ ഇനിയെങ്ങനെ നാട്ടിലെത്തും എന്ന ചിന്തയിലാണ് എല്ലാവരും.