• admin

  • January 5 , 2020

കൊച്ചി : കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 11 ന് രാവിലെ 111 ന് ഹോളിഫെയ്ത്ത് എച്ച് ടുഒ ഫ്‌ളാറ്റ് പൊളിക്കും. അഞ്ചുമിനുട്ടിന് ശേഷം ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കും. രണ്ടു ഫ്‌ളാറ്റുകളും അര മണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇനി ജെയ്ന്‍ ഫ്ളാറ്റിലായിരിക്കും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു. ആല്‍ഫ സെറീന്‍ ഫ്ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. രാവിലെ എട്ടു മുതല്‍ നാലു വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ഫ്‌ളാറ്റിന്റെ പരിധിയിലും 500 പൊലീസുകാരെ വിന്യസിക്കും. 200 മീറ്റര്‍ വിസ്തൃതിയില്‍ ജനങ്ങളെ ഒഴിപ്പിക്കും. പൊളിക്കുന്നതിന് മുന്നോടിയായി വൈറ്റില-അരൂര്‍, പേട്ട-തേവര ദേശീയപാതയില്‍ ഗതാഗതം തടയും. രാവിലെ എട്ടുമണിക്ക് ശേഷം സമീപത്തെ വീടുകളില്‍ ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല. പൊലീസ് വീടുകള്‍ പരിശോധിക്കും. ആളില്ലെന്ന് ഉറപ്പുവരുത്തും. ഡ്രോണുകളും അനുവദിക്കില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. കായല്‍ വഴി ആളുകള്‍ എത്താതിരിക്കാന്‍ മറൈന്‍ എന്‍ഫോവ്‌സ്‌മെന്റിനെയും നിയോഗിക്കും. സ്ഫോടനം കഴിയുമ്പോള്‍ അഗ്നിശമന സേന വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. റോഡുകള്‍ ശുചിയാക്കുകയും ചെയ്യും. ഇവരുടെ നിര്‍ദേശം ലഭിക്കുന്നതോടെ നിരോധനാജ്ഞ പിന്‍വലിക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് വിശദമായ പ്ലാന്‍ തയ്യാറാക്കിയതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ജെയിന്‍, കായലോരം എന്നിവ പൊളിക്കുന്ന 12-നും ഇതേ പ്രക്രിയ തുടരും. പത്താം തീയതി മോക് ഡ്രില്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.