• Lisha Mary

  • March 12 , 2020

കണ്ണൂര്‍ : ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് തൊഴിലാളികളും ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലയില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായി. ഇന്ന് അഞ്ച് മണിക്ക് മുമ്പായി കോടതി സ്‌റ്റേ ചെയ്യാത്ത പക്ഷം തൊഴിലാളികളുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പാലിച്ച് അതുപ്രകാരം വേതനം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം പമ്പുടമകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം മനോജ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ സി കെ പി പത്മനാഭന്‍, കെ പി സഹദേവന്‍ (സിഐടിയു), വി വി ശശീന്ദ്രന്‍ (ഐഎന്‍ടിയുസി), എം വേണുഗോപാല്‍ (ബിഎംഎസ്), പമ്പുടമകളെ പ്രതിനിധീകരിച്ച് കെ ഹരീന്ദ്രന്‍, കെ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാചകവാതക ഏജന്‍സി ഉടമകള്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഏജന്‍സി തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച നടന്നില്ല.