• admin

  • September 22 , 2022

കല്‍പ്പറ്റ : തോട്ടം മേഖലയില്‍ അരനൂറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള വയനാട്ടിലെ അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു കരീം സാഹിബ്. തോട്ടം മേഖലയില്‍ വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളോടൊപ്പമായിരുന്നു കര്‍മ്മപഥത്തിലത്രയും അദ്ദേഹത്തിന്റെ ജീവിതം. ഏറ്റവും അവസാനത്തെ പരിപാടിയും സ്വതന്ത്ര തൊഴിലാളി യൂനിയന്‍ സംസ്ഥാന പഠനക്യാമ്പായതും യാദൃശ്ചികമായി. തോട്ടം മേഖലയിലെ ശക്തമായ സാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ നടന്ന മിക്ക സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം വഹിച്ചു. 1988 ല്‍ എലത്തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി സംബന്ധിച്ച കേസില്‍ അനുകൂല വിധി എസ്.ടി.യുവിന് നേടിക്കൊടുക്കാന്‍ കഴിഞ്ഞത് കരീം സാഹിബിന്റെ ശ്രമഫലമായായിരുന്നു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സദാസമയവും പ്രവര്‍ത്തിച്ച അദ്ദേഹം, പ്രമേഹം, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ചായിരുന്നു പലപ്പോഴും വേദികളിലെത്തിയിരുന്നത്. രാഷ്ട്രീയമായി മുസ്്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കുമ്പോഴും മറ്റ് പാര്‍ട്ടികളുമായും സംഘടനകളുമായും ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പതിറ്റാണ്ടുകളായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗമായ കരീം സാഹിബ്, തൊഴിലാളികളുടെ വേതനമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും അനുകൂല തീരുമാനമെടുപ്പിക്കുകയും ചെയ്തു. മേപ്പാടി സ്വദേശിയായ അദ്ദേഹം 14 വര്‍ഷക്കാലം മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. മേപ്പാടി പഞ്ചായത്ത് ബോര്‍ഡ് മെമ്പറായും ജന്മനാടിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും അദ്ദേഹമായിരുന്നു. നല്ലൊരു സഹകാരി കൂടിയായ അദ്ദേഹം തൃക്കൈപറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, വയനാട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, എസ്.ടി.യു ജില്ലാ സെക്രട്ടറി, തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍, തോട്ടം തൊഴിലാളി യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തകസമിതി അംഗം, മേപ്പാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ്, സെക്രട്ടറി, കല്‍പറ്റ മണ്ഡലം ലീഗ് സെക്രട്ടറി, കെ.എസ്.ആര്‍.ടിസി ഉപദേശക സമിതി അംഗം, മേപ്പാടി ഗവ.സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.