• admin

  • January 25 , 2022

കല്‍പറ്റ : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ടു 2018ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി കോട്ടയം കൊടുമ്പിടി സന്ധ്യ ഡവലപ്‌മെന്റ് സൊസൈറ്റി വിസിബ് ഹോംലി എന്ന പേരില്‍ നടത്തുന്ന പിരമിഡ്/ബൈനറി മണി ചെയിന്‍ വ്യാപാരം നിര്‍ത്തിവെപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവായി. ഫ്രാഞ്ചൈസി ഓണേഴ്‌സ് അസോസിയേഷന്റെ ഹരജിയില്‍ ജസ്റ്റിസ് എന്‍.നാഗരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേറ്റ് മോണിറ്ററിംഗ് അതോറിറ്റി ഫോര്‍ ഡയറക്ട് സെല്ലിംഗ് നോഡല്‍ ഓഫീസറും കണ്‍വീനറുമായ സംസ്ഥാന ഭക്ഷ്യവിതരണ-ഉപഭോക്തൃ സംരക്ഷണ ഡയറക്ടര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ നിയമപരമായ നടത്തിപ്പു ഉറപ്പുവരുത്താന്‍ രൂപീകരിച്ച നിരീക്ഷണ-മേല്‍നോട്ട സമിതിയില്‍പ്പെട്ട വിവിധ വകുപ്പ് മേധാവികള്‍ ഇക്കാര്യത്തില്‍ അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കാനും കോടതി ഉത്തരവായി. 2018ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനമെന്നു ഫ്രാഞ്ചൈസി ഓണേഴ്‌സ് അസോസിയേഷന്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. സൊസൈറ്റിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു വ്യാപാരത്തില്‍ പങ്കാളികളായവര്‍ക്കു കനത്ത നഷ്ടം ഉണ്ടായതായും 50ല്‍ അധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൊസറ്റിക്കും പുറമേ ചീഫ് സെക്രട്ടറിയെയും വിവിധ വകുപ്പ് സെക്രട്ടറിമാരെയും എതിര്‍ കക്ഷികളാക്കിയായിരുന്നു ഹരജി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരടക്കം പ്രയാസം നേരിടുന്ന ഘട്ടത്തില്‍ നിരവധി ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനികളാണ് സംസ്ഥാനത്തു രംഗപ്രവേശനം ചെയ്തതെന്നു ഫ്രാഞ്ചൈസി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.പി.പ്രേംജി, സെക്രട്ടറി വിജു എം.വര്‍ഗീസ്, ട്രഷറര്‍ കെ.പി.അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ നിത്യോപയോഗസാധനങ്ങളുടെയും പോഷക വസ്തുക്കളുടെയും വില്‍പനയുമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു ലക്ഷക്കണക്കിനു രൂപ മുതല്‍മുടക്കി ഫ്രാഞ്ചൈസികളും ഹോം ഷോപ്പികളും തുടങ്ങിയ നിരവിധിയാളുകള്‍ വെട്ടിലായി. ചില കമ്പനികള്‍ വിപണനത്തിനു ലഭ്യമാക്കുന്ന ഉത്പന്നങ്ങളില്‍ പലതിനും പൊതുവിപണിയേക്കാള്‍ വില കൂടുതലാണ്. അതിനാല്‍ കമ്പനി ഉത്പന്നങ്ങള്‍ക്കു ഡിമാന്റും കുറവാണ്. ഡയറക്ട് മാര്‍ക്കറ്റിംഗ് മേഖലയില്‍ നിഷിദ്ധമായ ബൈനറി സംവിധാനത്തിന്(പിരമിഡ് )പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന പാക്കേജുകള്‍ കമ്പനികള്‍ ഫ്രാഞ്ചൈസികളെ അടിച്ചേല്‍പിക്കുന്നുമുണ്ട്. ഫ്രാഞ്ചൈസികളിലും ഹോം ഷോപ്പികളിലും സ്റ്റോക്ക് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ല. നാമമാത്ര കമ്മീഷന്‍ മാത്രം ലഭിക്കുന്ന ഫ്രാഞ്ചൈസി ഉടമകള്‍ വില്‍ക്കാനാകാത്ത സാധനങ്ങളുടെ നഷ്ടം കൂടി സഹിക്കാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലായിരുന്നു ഫ്രാ്‌ഞ്ചൈസി ഓണേഴ്‌സ് അസോസിയേഷന്‍ രൂപീകരണം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും ബൈനറി സംവിധാനത്തിനു ചുക്കാന്‍ പിടിക്കുന്നവരെയും പൊതുജനമധ്യത്തില്‍ തുറന്നു കാട്ടുക, ഫ്രാഞ്ചൈസി-ഹോം ഷോപ്പി-സ്റ്റോക്ക് പോയിന്റ് ഉടമകള്‍ക്ക് ഉണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിന് ഇടപെടുക, പൊതുജങ്ങള്‍ക്കു ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, ഫ്രാഞ്ചൈസി നടത്തിപ്പില്‍ പ്രയാസപ്പെടുന്നവരെ സാമ്പത്തികമായി സഹായിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു ഡയറക്ട് മാര്‍ക്കറ്റിംഗ് മേഖലയില്‍ നീതിപൂര്‍വമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുക തുടങ്ങിയവ അസോസിയേഷന്റെ ലക്ഷ്യങ്ങളാണ്. ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനികളുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശങ്ങള്‍ക്കു അനുസൃതമാണെന്നു ഉറപ്പുവരുത്തണമെന്നു അഭ്യര്‍ഥിച്ചു അസോസിയേഷന്‍ മുഖ്യമന്ത്രി, നിയമ മന്ത്രി തുടങ്ങിയവര്‍ക്കു നേരത്തേ നിവേദനം നല്‍കിയിരുന്നു.