• admin

  • September 3 , 2021

ടോക്യോ :

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്.

2.07 മീറ്റർ ചാടിയാണ് പ്രവീൺ വെള്ളിമെഡൽ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യൻ റെക്കോഡും താരം സ്വന്തമാക്കി. ആദ്യ ശ്രമത്തിൽ 1.83 മീറ്റർ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീൺ ഇന്ത്യയുടെ അഭിമാനമായി മാറി.

ഈ ഇനത്തിൽ ബ്രിട്ടന്റെ ജൊനാതൻ ബ്രൂം എഡ്വാർഡ്സ് സ്വർണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.

12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ പ്രവീൺ 2.05 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.

ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്സിലെ മെഡൽ നേട്ടം 11 ആയി ഉയർന്നു. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവിൽ 36-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.