• admin

  • July 4 , 2020

ന്യൂഡല്‍ഹി : പബ്​ജിയില്‍ നടത്തിയ ഇടപാടുകളിലൂടെ 17കാരന്‍ നഷ്​ടപ്പെടുത്തിയത്​ രക്ഷിതാക്കളുടെ 16 ലക്ഷം രൂപ. ആപ്പിനുള്ളില്‍ വിവിധ സാധനങ്ങള്‍ വാങ്ങുന്നതിനായാണ്​ ഇത്രയും തുക ചെലവഴിച്ചത്​. ഗെയിം കോസ്​മെറ്റിക്​ സാധനങ്ങള്‍, പീരങ്കികള്‍, ടൂർണമെൻ്റിനുള്ള പാസുകള്‍, വെടിയുണ്ടകള്‍ എന്നിവയാണ്​ വാങ്ങിയത്​. പിതാവിൻ്റെ ആശുപത്രി ചെലവിനായി നീക്കിവെച്ച തുകയാണ്​ പഞ്ചാബിലെ ഖാഗര്‍ സ്വദേശിയായ 17കാരന്‍ നഷ്​ടപ്പെടുത്തിയത്​. ലോക്​ഡൗണിനിടെ ഓണ്‍ലൈന്‍ പഠനത്തിനായാണ്​ കുട്ടിക്ക്​ രക്ഷിതാക്കള്‍ മൊബൈല്‍ നല്‍കിയത്​. ഫോണി​ല്‍ കുട്ടിയുടെ പിതാവിൻ്റെ ബാങ്ക്​ അൗക്കൗണ്ട്​ വിവരങ്ങളുണ്ടായിരുന്നു. ഇത്​ ഉപയോഗിച്ചാണ്​ ഇടപാട്​ നടത്തിയത്​. ഒരു മാസത്തിനിടെ നടത്തിയ ഇന്‍-ഗെയിം ട്രാന്‍സാക്ഷനുകളിലാണ്​ ഇത്രയും തുക നഷ്​ടമായത്​. ബാങ്കില്‍ നിന്ന്​ തുക പിന്‍വലിക്കു​മ്പോൾ മൊബൈലിലേക്ക്​ വന്ന മെസേജുകളെല്ലാം കുട്ടി ഡിലീറ്റ്​ ചെയ്യുകയായിരുന്നു. അമ്മയുടെ ബാങ്ക്​ അക്കൗണ്ടിലുണ്ടായിരുന്ന പണവും ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഉപയോഗിച്ചു. പിന്നീട്​ അക്കൗണ്ടില്‍ സീറോ ബാലന്‍സ്​ ആയതിനെ തുടര്‍ന്നാണ്​ രക്ഷിതാക്കള്‍ വിവരമറിയുന്നത്​. സംഭവമറിഞ്ഞതിന്​ പിന്നാലെ കുട്ടിയെ രക്ഷിതാക്കള്‍ സ്​കൂട്ടര്‍ റിപ്പയറിങ്​ കടയില്‍ ജോലിക്ക്​ വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ്​ മകന്‍ സ്​കൂട്ടര്‍ റിപ്പയറിങ്​ ഷോപ്പില്‍ ജോലി​ക്കയച്ചത്​. പണമുണ്ടാക്കുന്നതിൻ്റെ ബുദ്ധിമുട്ട്​ അവന്‍ തിരിച്ചറിയ​ട്ടെ. മകൻ്റെ ഭാവി പഠനത്തിനായി ശേഖരിച്ച പണമാണ്​ അവന്‍ ഗെയിം കളിച്ച്‌​ നശിപ്പിച്ചത്​. ഇനിയെന്താവുമെന്ന്​ തനിക്കറിയില്ലെന്നും കുട്ടിയുടെ പിതാവ്​ പറഞ്ഞു.