• admin

  • January 28 , 2020

കോഴിക്കോട് : പുതുതലമുറയുടെ മികവുകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യാ സ്‌കില്‍സ്-കേരള ഉത്തര മേഖലാ മത്സരങ്ങള്‍ക്ക് മാളിക്കടവ് ഗവ. ഐടിഐയില്‍ ആവേശത്തുടക്കം. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ അവരുടെ മികവുകള്‍ക്ക് മാറ്റുരയ്ക്കാന്‍ ആദ്യദിനം തന്നെ തയാറായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലന വിഭാഗവും കേരള അക്കാഡമി ഫൊര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായാണ് 21 വയസുവരെ ഉള്ളവര്‍ക്കായി മികവിന്റെ മേളകള്‍ സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നുമുള്ള അഞ്ചു പേര്‍ക്കു വീതമാണ് മേഖലാ മത്സരത്തില്‍ അവസരം ലഭിച്ചത്. മേഖലാ വിജയികള്‍ക്ക് സംസ്ഥാന, ദേശീയ തലങ്ങളിലും തുടര്‍ന്ന് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മേളയിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. എ. പ്രദീപ് കുമാര്‍ എംഎല്‍എ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മികവുകള്‍ മാറ്റുരയ്ക്കാനുള്ള ഈ അവസരം അവിസ്മരണീയമാക്കി തീര്‍ക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ കെ. രതീദേവി അധ്യക്ഷയായിരുന്നു. ഓട്ടോമാറ്റിക് ടെക്‌നോളജി, ബ്രിക് ലെയിങ്, കാര്‍പെന്ററി, കാബിനറ്റ് മേക്കിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, ജോയിനറി, മെക്കാനിക് എന്‍ജിനിയേഡ് ലാബ്, പെയ്ന്റിങ് ആന്‍ഡ് ഡെക്കറേഷന്‍, പ്ലംബിങ് ആന്‍ഡ് ഹീറ്റിങ്, ആര്‍എസി, വെല്‍ഡിങ്, വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ് എന്നീ മത്സരങ്ങളാണ് ഗവ. ഐടിഐയില്‍ നടക്കുന്നത്. ഫാഷന്‍ ടെക്‌നോളജി, ഫ്‌ളോറസ്ട്രി, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് മത്സരങ്ങള്‍ ഗവ. വനിതാ ഐടിഐയിലാണ് നടക്കുന്നത്. പോയവര്‍ഷം 20 സ്‌കില്ലുകളിലായിരുന്നു മത്സരമെങ്കില്‍ ഇത്തവണ മൊത്തം 42 ഇനങ്ങളാണുള്ളത്. . മത്സരാര്‍ത്ഥികള്‍ ഐടിഐ വിദ്യാര്‍ത്ഥികളാണെങ്കില്‍ മേഖലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സിംഗപ്പൂരില്‍ ഒരാഴ്ചത്തെ പ്രത്യേക ട്രെയ്‌നിങിന് പോകാനുള്ള അവസരവുമുണ്ട്. 2016ലാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനത്തിനായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്.